കാര്‍ സവാരിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ 12.46 ഗ്രാം എം.ഡി.എം.എയുമായി പിടിയില്‍. തിരുവനന്തപുരം വാമനപുരത്തെ ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പരിശോധനയിലാണ് താളിക്കുഴി സ്വദേശി സെബിന്‍ ഫിലിപ്പ്, കണിച്ചോട് സ്വദേശി ചേതന്‍ ബാബു എന്നിവര്‍ കുടുങ്ങിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വെഞ്ഞാറമൂട് പൊലീസും ചേര്‍ന്നുള്ള പരിശോധനയില്‍ തലസ്ഥാനത്തെ പ്രധാന ലഹരി ഇടപാടുകാരാണ് യുവാക്കളെന്ന് തെളിഞ്ഞു.
റോഡരികിൽ കാർ നിർത്തിയിട്ട് അകത്തിരിക്കുകയായിരുന്നു യുവാക്കള്‍. സംശയത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ദേഹപരിശോധനയിൽ ഇരുവരുടെയും പോക്കറ്റുകളിൽ ചെറിയ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നവര്‍ക്ക് കൈമാറാൻ കാത്തുനിൽക്കുകയായിരുന്നുവെന്നായിരുന്നു യുവാക്കളുടെ മൊഴി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ചേതൻ ബാബുവിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. കാര്‍ വാടകയ്ക്ക് നല്‍കുന്നതിന്‍റെ മറവിലായിരുന്നു ലഹരി ഇടപാടെന്നാണ് യുവാക്കളുടെ മൊഴി. ആളെക്കയറ്റിയുള്ള യാത്രാ വരുമാനത്തിനൊപ്പം ലഹരിവില്‍പ്പനയിലൂടെയും ലക്ഷങ്ങള്‍ കിട്ടിയിരുന്നുവെന്ന് യുവാക്കളുടെ മൊഴി. തിരുവനന്തപുരം നഗരപരിധിയിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പതിവുകാര്‍ക്ക് വേണ്ടിയായിരുന്നു വില്‍പ്പന ഇടപാട്. പിടിയിലായ സെബിൻ നേരത്തെയും നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. ചേതൻ ബാബുവിനെതിരെ വാഹന മോഷണക്കേസുകളും നിലവിലുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലയിൽ ലഹരി മാഫിയക്കെതിരെ ലഹരിവിരുദ്ധ സ്ക്വാഡ് തുടര്‍ച്ചയായ പരിശോധനയാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 3 കിലോ എംഡിഎംഎയും 235 കിലോ കഞ്ചാവുമാണ് സംഘം പിടികൂടിയത്. വിവിധ ലഹരി കേസുകളിലായി 2500 ലേറെ പേരെ അറസ്റ്റിലാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.