പത്തുമാസം പ്രായമുള്ള മകനെ വിഷം കൊടുത്തുകൊന്നശേഷം ഇരുപത്തേഴുകാരി ജീവനൊടുക്കി. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷമയും മകൻ യശ്‌വർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്.
ഭർത്താവുമായി വഴക്കിട്ടതിനുപിന്നാലെയാണ് യുവതിയുടെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. മകളും ചെറുമകനും മരിച്ച് കിടക്കുന്നത് നേരിൽക്കണ്ട സുഷമയുടെ അമ്മ ലളിതയും ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലാണ്. നാലുവർഷം മുമ്പാണ് സുഷമ വിവാഹിതയായത്. കഴിഞ്ഞ കുറച്ചുകാലമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഒരു ചടങ്ങിനുള്ള ഷോപ്പിംഗ് നടത്താനെന്നുപറഞ്ഞ് സുഷമ അമ്മ ലളിതയുടെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് മുറിയില്‍ കയറി വാതിലടച്ചാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ സ്വയം ജീവനൊടുക്കി. രാത്രി ഒന്‍പതരയോടെ, ജോലി കഴിഞ്ഞ് ഭാര്യയെ കാണാന്‍ അവരുടെ വീട്ടിലെത്തിയ യശ്വന്ത് റെഡ്ഡി കിടപ്പുമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്.
വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.