സംസ്ഥാനത്ത് നടപടിക്ക് വിധേയരായ ക്രിമിനല്‍ പൊലീസുകാരുടെ പട്ടിക പുറത്ത്. ഗുരുതര കേസുകളില്‍ പ്രതിയായ 144 പേരടക്കം 380 പൊലീസുകാരെ പത്ത് വര്‍ഷത്തിനിടെ പിരിച്ചുവിട്ടു. എന്നാല്‍ പൊലീസുകാരെ പിരിച്ചുവിട്ടത് പിണറായി സര്‍ക്കാര്‍ മാത്രമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൂര്‍ണമായും ശരിയല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 115 പൊലീസുകാരെ പിരിച്ചുവിട്ടതായും രേഖകള്‍. നാട്ടുകാരുടെ മേല്‍ കയ്യൂക്ക് കാണിച്ച് പണി പോയ പൊലീസുകാരുടെ പട്ടിക ആദ്യമായി മനോരമ ന്യൂസ് പുറത്തുവിടുന്നു.
നാട്ടുകാരുടെ നെഞ്ചത്ത് കയ്യൂക്ക് കാണിക്കുന്ന പൊലീസ് ഏമാന്‍മാര്‍ കേരളത്തില്‍ എന്നുമുണ്ട്. ഇനിയും ആ പണി തുടരാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കണക്കുകള്‍.
ഗുരുതര ക്രിമിനല്‍ കേസില്‍ പ്രതിയായതിന്‍റെയും പെരുമാറ്റദൂഷ്യത്തിന്‍റെയും പേരില്‍ 144 പൊലീസുകാരെയാണ് 2016ന് ശേഷം പിരിച്ചുവിട്ടത്. 2023ല്‍ 29 പേരെയും 24ല്‍ 21പേരെയും പിരിച്ചുവിട്ടതാണ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് പണി പോയത്. ഇങ്ങിനെ പിരിച്ചുവിട്ടതില്‍ 26 പേര്‍ നിയമവഴി തേടി സര്‍വീസില്‍ തിരികെ കയറിയെങ്കിലും 118 പേര്‍ക്ക് തൊപ്പി തെറിച്ചു. കേസില്‍ പ്രതിയായതുകൂടാതെ ദീര്‍ഘകാല അനധികൃത അവധിയുടെ പേരില്‍ 236 പേരെയും പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ട്.
144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ആ കണക്ക് തെറ്റെന്നും പട്ടിക പുറത്തുവിടണമെന്നും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്ന ആ പട്ടികയാണ് വിവരാവകാശ നിയമപ്രകാരം മനോരമ ന്യൂസ് പുറത്തുവിടുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഒരു കണക്ക് ശരിയാണെങ്കിലും മറ്റൊരു അവകാശവാദം ശരിയല്ലെന്നും ഇതോടെ വ്യക്തമാവുന്നുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരും ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 നും 16നും ഇടയില്‍, അതായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ക്രിമിനല്‍ കേസില്‍പെട്ട 54 പൊലീസുകാരെയും അനധികൃത അവധിയുടെ പേരില്‍ 61 പൊലീസുകാരെയും പിരിച്ചുവിട്ടു. അതായത് 115 പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇടത് സര്‍ക്കാരിന് മുന്‍പുള്ള സര്‍ക്കാരും മാതൃക കാട്ടിയിരുന്നു.
ഇതോടെ ഒരു കാര്യം വ്യക്തമായി പൊലീസിലെ ക്രിമിനലുകളുടെ വിളയാട്ടവും അതിനെതിരായ തിരുത്തല്‍ നടപടിയും ഈ അടുത്ത കാലത്ത് തുടങ്ങിയതല്ല, പണ്ടുമുതലേയുണ്ടായിരുന്നു.