എഐ ചിത്രം

എഐ ചിത്രം

പെൺകുട്ടിയാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ പ്രൊഫൈലുണ്ടാക്കി, അതുവഴി ചാറ്റ് ചെയ്‌ത് ആളുകളെ കണ്ടെത്തി തട്ടിപ്പ് നടത്തുന്ന ആറംഗ സംഘം അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കടുത്താണ് സംഭവം. കീഴാറൂർ ഇടവാൽ സ്വദേശി കൊട്ടുകാണി എന്ന നിധിൻ (24), ഇയാളുടെ സഹോദരൻ വലിയകാണി എന്ന നിധീഷ് (25),​ ആര്യങ്കോട് പത്തിക്കുഴി സ്വദേശി ശ്രീക്കുട്ടൻ എന്ന ശ്രീജിത്ത് (24),​ ബാലരാമപുരം പുന്നയ്ക്കാട് സ്വദേശി സച്ചു എന്ന അഖിൽ (26)​ എന്നിവരും രണ്ട് പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥികളുമാണ് ആര്യങ്കോട്

പൊലീസിന്റെ പിടിയിലായത്. സുന്ദരികളായ പെൺകുട്ടികളുടെ ഫോട്ടോ പ്രൊഫൈൽ ഫോട്ടോയാക്കിയ ശേഷമാണ് തട്ടിപ്പ്. ഈ ഫോട്ടോ കണ്ട് മെസേജ് അയക്കാൻ വരുന്നവരാണ് ഉന്നം. ഇവരുടെ വലയിലായത് 40കാരനായ കൊല്ലം സ്വദേശി മഹേഷ് മോഹനനാണ്. മെസേജയച്ച അദ്ദേഹത്തെ ആര്യങ്കോടുള്ള ഇവരുടെ താവളത്തിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു. ശേഷം പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഡിസംബർ 22നാണ് സംഭവമുണ്ടായത്.

പെൺകുട്ടി ഒറ്റയ്ക്കാണ് വീട്ടിലുള്ളതെന്ന് പറഞ്ഞാണ് സംഘം മോഹനനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ശരീരമാസകലം കത്തികൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. എ.ടി.എം കാർഡിന്റെ പിൻനമ്പർ ചോദിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 21,​500 രൂപ കൈക്കലാക്കി. ഒടുവിൽ രണ്ടുലക്ഷം രൂപ തന്നാലേ വിടൂ എന്നായി പ്രതികളുടെ നിലപാട്. ഉടൻ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് ഉറപ്പായതോടെ പ്രതികൾ ഇയാളെ നെയ്യാറ്റിൻകരയിൽ എത്തിച്ച് മുങ്ങുകയായിരുന്നു. വഴിയറിയാതെ അവശനിലയിൽ പാറശാലയിലെത്തിയ മഹേഷ് മോഹനൻ പാറശാല സ്റ്റേഷനിലെത്തിയാണ് പൊലീസുകാരോട് എല്ലാം തുറന്ന് പറയുന്നത്.

തുടർന്ന് ഇയാളെ പാറശാല പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശേഷം ആര്യങ്കോട് എച്ച്.എസ്.ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ നിധിനും നിധീഷും കാപ്പാകേസിലെ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്‌തു.

ENGLISH SUMMARY:

Instagram fraud led to the arrest of a gang in Kerala for creating fake profiles and extorting money. The gang lured victims through Instagram, physically assaulted them, and stole their money, leading to their arrest and remand.