താമസസ്ഥലത്ത് അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്‌സോ കോടതി. മൂലമറ്റം പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണനെയാണ് പോക്‌സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് കുട്ടിയുടെ മൊഴിയെടുത്തത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയായാണെന്ന് കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെയാണ് അശ്വിന് കുരുക്ക് മുറുകിയത്.
വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി പിന്നീട് സാജൻ സാമുവേൽ കൊലക്കേസിൽ പ്രതിയായതിനെ തുടർന്ന് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. പെൺകുട്ടി താമസിക്കുന്നയിടത്ത് അതിക്രമിച്ച് കയറിയതിന് 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാൻ വീഴ്ച വരുത്തിയാൽ ഒരു വർഷം കൂടി തടവനുഭവിക്കണം.
പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 50 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. തുക അടയ്ക്കാത്ത പക്ഷം അഞ്ച് വർഷം കഠിനതടവ് കൂടി അനുഭവിക്കണം. പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.