TOPICS COVERED

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിച്ച രാമനാരായണിനേറ്റത് മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനമേല്‍ക്കാത്തതായി ഇനി ശരീരത്തില്‍ ഒരു ഭാഗം പോലും ബാക്കിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചവിട്ടേറ്റ് വാരിയെല്ലുകള്‍ പൊട്ടി, തലയില്‍ സാരമായ പരുക്കും ശരീരത്തില്‍ ചവിട്ട്, കുത്ത് എന്നിവയുടെ പാടുകളുമുണ്ട്. ആവേശം തീര്‍ക്കുന്ന തരത്തില്‍ ആളുകള്‍ മര്‍ദിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ ശരീരമാസകലം പരുക്കുണ്ടായത്.

ആന്തരിക രക്തസ്രാവമാണ് മരണകാരണം. പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പ് മൃതദേഹം മുഴുവനായി സ്കാനിങ്ങിന് വിധേയമാക്കിയതിനാല്‍ ശരീരത്തിലെ പരുക്കുകള്‍ കൃത്യമായി കണ്ടെത്താനായി. മെഡിക്കല്‍ കോളജില്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഇതാദ്യമായാണ്. 

സംഘം ചേര്‍ന്നു മര്‍ദിക്കുക, മാരകായുധങ്ങളുമായി ആക്രമിക്കുക, തടഞ്ഞുവയ്ക്കുക തുടങ്ങിയ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കസ്റ്റഡിയിലുള്ള ഏഴുപേരെ ചോദ്യംചെയ്തു വരികയാണ്. മര്‍ദിക്കുന്ന ചിത്രങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. വാളയാര്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ് രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

ENGLISH SUMMARY:

Walayar case autopsy reveals severe injuries sustained by Ramanarayanan. The postmortem report details extensive trauma, leading to internal bleeding and death, prompting a human rights investigation.