പൊലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായ മർദനമേറ്റെന്ന പരാതിയുമായി നാലാഞ്ചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ ധസ്തക്കീർ. മണ്ണന്തല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദിച്ചെന്നാണ് യുവാവിന്റെയും കുടുംബത്തിന്റെയും ആരോപണം. ശരീരമാസകലം ലാത്തികൊണ്ടുള്ള മർദനമേറ്റ പാടുകളുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുടുംബകലഹത്തെ തുടർന്ന് ധസ്തക്കീറിന്റെ ഭാര്യ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വീട്ടിലെത്തിയ പൊലീസ് ധസ്തക്കീറിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിൽ വെച്ചും പിന്നീട് സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദിച്ചുവെന്ന് ഇയാളുടെ മാതാവ് ആരോപിക്കുന്നു. തടിക്കഷണം ഉപയോഗിച്ച് വീട്ടിൽ വെച്ച് മർദിച്ചെന്നും തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ക്രൂരത തുടർന്നെന്നുമാണ് കുടുംബം പറയുന്നത്.
എന്നാൽ മർദനമേറ്റെന്ന വാർത്ത മണ്ണന്തല പൊലീസ് നിഷേധിച്ചു. ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നുവെന്ന പരാതിയിലാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അതിനിടയിൽ വീണപ്പോൾ ഉണ്ടായ പരുക്കുകളാണെന്നുമാണ് വാദം.