മാതാപിതാക്കളെ കൊന്ന് ശരീരം കഷണങ്ങളാക്കി പുഴലെറിഞ്ഞ കേസില്‍ മകന്‍ അറസ്റ്റില്‍. യുവാവിന്‍റെ വിവാഹത്തിന്‍റെ പേരിലുള്ള തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊന്ന് കഷണങ്ങളാക്കിയാണ് യുവാവ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശ് ജോനാപൂറിലാണ് നാടിനെ നടുക്കിയ സംഭവമരങ്ങേറിയത്. തിരോധാനമെന്ന പേരില്‍ അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇതൊരു തിരോധാനമല്ല കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
കൊവിഡ് കാലത്താണ് യുപി അഹ്മദാപൂര്‍ സ്വദേശി അംബേഷ് കൊല്‍ക്കത്തയില്‍ നിന്ന് വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇത്. കൂടാതെ ഒരു മുസ്‍ലിം യുവതിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. കോവിഡിന് പിന്നാലെ നാട്ടിലെത്തിയ അംബേഷിനെയും വധുവിനെയും എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ സ്വീകരിച്ചില്ല. ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവര്‍ അംബേഷിനെ ശകാരിക്കുകയും വിവാഹബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അംബേഷിന്‍റെ ഭാര്യ ഇതിനിടയില്‍ ഗര്‍ഭിണിയായിരുന്നു.
ഉടന്‍ തന്നെ അംബേഷ് കൊല്‍ക്കത്തയിലേക്ക് ഭാര്യയെയും കൂട്ടി മടങ്ങുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. ഇവര്‍ക്ക് പിന്നീട് ഒരു കുഞ്ഞ് പിറന്നു. ഇതരമതസ്തനെ വിവാഹം ചെയ്തതിന് മുസ്‍ലിം യുവതിയെയും വീട്ടുകാര്‍ ഉപേക്ഷിച്ചിരുന്നു. കുടുംബത്തിന്‍റെ സഹായമില്ലാതെ പ്രസവവും മറ്റ് ചിലവുകളും അംബേഷിനെ കടക്കാരനാക്കി മാറ്റി. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അംബേഷിന്‍റെ ഭാര്യ വീണ്ടും ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. ഇതോടെ അംബേഷ് കഴുത്തറ്റം കടത്തിലായി.
പണമില്ലാത്തതിന്‍റെ പേരില്‍ ഭാര്യയും ശകാരിക്കാന്‍ തുടങ്ങിയതോടെ അംബേഷിന്‍റെ സമനില തെറ്റി. തന്നെ ഇറക്കിവിട്ട തന്‍റെ മാതാപിതാക്കളെ പണത്തിനായി സമീപിക്കാന്‍ അംബേഷ് തീരുമാനിച്ചു. എന്നാല്‍ വീട്ടിലെത്തിയ അംബേഷിനെ വീട്ടുകാര്‍ അകത്തുകയറ്റി എന്നല്ലാതെ കണ്ടഭാവം നടിച്ചില്ല. പലതവണ അംബേഷ് പണത്തിനായി ആവശ്യം ഉന്നയിച്ചു. എന്നാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തു എന്നായിരുന്നു മാതാപിതാക്കളുടെ വാശി.
ഒടുവില്‍ ഡിസംബര്‍ 8ന് അംബേഷും അമ്മയുമായി വഴക്കായി. വഴക്ക് മൂത്തതോടെ അംബേഷ് കയ്യില്‍ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് അമ്മയുടെ തലയ്ക്കടിച്ചു. മര്‍ദനം കണ്ടെത്തിയ പിതാവ് ബഹളം വച്ചതോടെ പിതാവിനെയും അംബേഷ് മര്‍ദിച്ചു. തുടര്‍ന്ന് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. തുടര്‍ന്ന് മൃതശരീരങ്ങള്‍ ഒഴിവാക്കാനുള്ള തത്രപ്പാടിലായിരുന്നു അയാള്‍. ഇതിനിടെയിലാണ് വീടിന്‍റെ സ്റ്റോറുമില്‍ സൂക്ഷിച്ചുവച്ച ആറ് സിമന്‍റ് ചാക്കുകള്‍ യുവാവിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. വീടിന്‍റെ നിലംപണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒട്ടും വൈകാതെ മാതാപിതാക്കളുടെ ശരീരം അംബേഷ് സ്റ്റോറൂമിലെത്തിച്ചു. തുടര്‍ന്ന് ചെയിന്‍സോ ഉപയോഗിച്ച് ഇരുവരുടെയും ശരീരം മൂന്ന് വീതം കഷണങ്ങളാക്കി മുറിച്ചു. തുടര്‍ന്ന് ചാക്ക് പകുതിയായി തുറന്ന് സിമന്‍റ് മാറ്റി ഒരോ ചാക്കിലും ഓരോ കഷണം വീതം നിറച്ച് തിരിച്ച് സിമന്‍റ് നിറച്ചു.
തുടര്‍ന്ന് ചാക്കുകള്‍ തന്‍റെ കാറില്‍ കയറ്റിയ അംബേഷ് വീട്ടിലെ ചോരക്കറ മുഴുവന്‍ വൃത്തിയാക്കി. ഗോമതി പുഴയിലേക്കാണ് അംബേഷ് തിരിച്ചത്. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിയെ അംബേഷ് ചാക്കുകളോരോന്നായി പുഴയിലേക്കിറക്കി. എന്നാല്‍ ഇതിനിടെ അമ്മയുടെ ശരീരഭാഗമുള്ള ഒരു ചാക്ക് പൊട്ടിയിരുന്നു. അഞ്ച് ചാക്കുകള്‍ ഗോമതി പുഴയിലിറക്കിയ അംബേഷ് വാരണാസിക്ക് തിരിക്കുകയും പോകും വഴി ചാക്ക് തുന്നുകയും ആ ചാക്ക് സായി നദിയിലിടുകയും ചെയ്തു.
അംബേഷിന്‍റെ സഹോദരിയായ വന്ദനയാണ് തന്‍റെ അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് പരാതി നല്‍കിയത്. അംബേഷ് ഇവരുടെ തിരോധാന സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് മനസിലാക്കിയ പൊലീസ് അംബേഷിന്‍റെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ച് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നടുക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. അംബേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.