TOPICS COVERED

ഗര്‍ഭിണിയായ യുവതിയെ മുഖത്തടിച്ച എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പ്രതാപചന്ദ്രന് സസ്പെന്‍ഷന്‍ . ദക്ഷിണമേഖലാ ഐജിയാണ് നടപടിയെടുത്തത്. യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായതോടെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു . 

Also Read: കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ യുവതിയുടെ കരണത്തടിച്ച് സിഐ; വിഡിയോ

2024 ജൂൺ 20 നാണ് സംഭവം നടക്കുന്നത്. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ അതിക്രമ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊച്ചി സ്വദേശി ഷൈമോളെ എസ്.എച്ച്.ഒ പ്രതാപചന്ദ്രൻ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇവരുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സിഐ മുഖത്തടിച്ചത്. 

മുഖ്യമന്ത്രിയ്ക്കു നേരത്തെ പരാതി നല്‍കിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും ഷൈമോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നല്‍കാന്‍ കഴിയുന്നവര്‍ക്കൊക്കെ പരാതി നല്‍കി. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷൈമോള്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചത്. മർദിച്ച ഉദ്യോഗസ്ഥനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഷൈമോൾ മനോരമ ന്യൂസിനോട് പ്രതികരിച്ചു . 

അതേസമയം, സ്റ്റേഷനില്‍ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പ്രതികരിച്ചു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാന്‍ ശ്രമിച്ചു. വനിത പൊലീസുകാരെ ആക്രമിച്ചു. 

സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം തുടര്‍ന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികരിക്കേണ്ടിവന്നെന്നും പ്രതാപചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ENGLISH SUMMARY:

Kerala Police Assault refers to the suspension of an Ernakulam SHO for assaulting a pregnant woman. This incident, captured on video, led to swift action after public outcry and intervention by the Chief Minister, highlighting issues of police misconduct and the rights of individuals facing authorities.