പട്ടാപ്പകൽ തന്‍റെ വീട്ടിലെ ജനാലയ്ക്കരുകിലെത്തുന്ന ചില യുവാക്കൾ അവിടെ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നെന്ന പരാതിയുമായി വീട്ടമ്മ . സിംഗപ്പൂരിലെ സെറാൻഗൂൺ നോർത്തിലാണ് സംഭവം. യുവാക്കളുടെ ഈ അതിക്രമം പതിവായതോടെ അവർ വരാന്തയിലും വീടിന്‍റെ പരിസരത്തും സിസിടിവി സ്ഥാപിച്ചു. എന്നാൽ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുമെന്ന് ബോധ്യമായ ശേഷവും സാമൂഹ്യ വിരുദ്ധർ അതുതന്നെ ആവര്‍ത്തിക്കുകയാണെന്ന് വീട്ടമ്മ പറയുന്നു.
സിംഗപ്പൂര്‍ മാധ്യമമായ സ്റ്റോംപാണ് വീട്ടമ്മ നൽകിയ ദൃശ്യങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെറാൻഗൂൺ നോർത്ത് നിവാസിയായ വീട്ടമ്മയാണ് വീട്ടിലേക്ക് മൂത്രമൊഴിക്കുന്ന പുരുഷന്മാരുടെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവിട്ടത്. ഡിസംബർ 5 ന് രാവിലെ 7.43ന് വീട്ടിലെ വരാന്തയിലേക്കെത്തിയ യുവാവ് ചുറ്റും നിരീക്ഷിച്ച ശേഷം അവിടെ മൂത്രമൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സംഭവത്തെപ്പറ്റി വീട്ടമ്മ പറയുന്നത് ഇപ്രകാരമാണ്. "എന്‍റെ ജനാലയ്ക്ക് പുറത്ത് ഒരാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണിത്, ഇത് ആദ്യമായല്ല ഞാൻ കാണുന്നത്. പട്ടാപ്പകൽ വീട്ടിലേക്ക് മൂത്രമൊഴിക്കാനുള്ള അവന്‍റെ ആത്മവിശ്വാസം സമ്മതിക്കണം. അതിനുള്ള സമ്മാനമായാണ് ഈ ദൃശ്യം പുറത്ത് വിടുന്നത്. സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും ഇതിന് ഒരു മാറ്റവുമില്ലെന്നത് ഞെട്ടലുളവാക്കുന്നു. ഞാൻ ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാളല്ല, പല യുവാക്കളാണ് ഇത്തരത്തിൽ മോശമായി ബോധപൂർവം പെരുമാറുന്നത്. എന്‍റെ അടുത്ത വീട്ടിലെ അയൽക്കാരി പൂന്തോട്ടപരിപാലനം നടത്തുന്ന ഒരു പ്രായമായ സ്ത്രീയാണ്. അവൾ ഇത് കണ്ടാൽ ഞെട്ടിപ്പോകും. അവർക്ക് കൂടി വേണ്ടിയാണ് ഞാൻ പൊലീസിൽ ഈ സാമൂഹ്യ വിരുദ്ധന്മാർക്കെതിരെ പരാതി നൽകിയത്" - വീട്ടമ്മ പറയുന്നു.