kayamkulam-navajith

TOPICS COVERED

 മാതാപിതാക്കളെ മകന്‍ അതിക്രൂരമായികൊലപ്പെടുത്തിയ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. നാട്ടുകാരനായ പീടികച്ചിറ നടരാജനെയും ഭാര്യ സിന്ധുവിനേയും ആക്രമിച്ച അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്തിനെ കനകക്കുന്ന് പൊലീസ് ഇന്നലെതന്നെ കസ്റ്റഡിയിൽ എടുത്തു.

രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് ഇന്നലെ രാത്രി മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. ‌ ‌

സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു നടരാജന്‍റേത് . വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടരാജനായിരുന്നു. ഏറെ കടമുറികളും ബിസിനസുമെല്ലാമുള്ള കുടുംബത്തിന്‍റെ കടിഞ്ഞാണ്‍ കിട്ടാത്തതിന്‍റെ പേരില്‍ നവജിത്ത് പലതവണ വീട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കരച്ചിലും ബഹളവും കേട്ടാണ് ഇന്നലെ രാത്രി നാട്ടുകാര്‍ ഓടിക്കൂടിയത്. തുറന്നിട്ട ജനലിലൂടെ വീടിനകത്തെ കാര്യങ്ങളെല്ലാം അറിയാന്‍ സാധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

അക്രമം നടന്നെന്ന് ബോധ്യപ്പെട്ടതോടെ പൊലീസിനെ വിളിച്ചു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലീസും അകത്തുകയറിയത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന മാതാപിതാക്കള്‍ക്കടുത്ത് വെട്ടുകത്തിയുമായി ഇരിക്കുകയായിരുന്ന നവജിത്തിനെയാണ് പൊലീസ് കാണുന്നത്. പൊലീസ് അകത്തു കയറിയ ശേഷം ഇയാള്‍ പതിയെ എഴുന്നേറ്റ് മുകള്‍ നിലയിലേക്ക് പോയി. ഏറെ നേരത്തെ മല്‍പ്പിടിത്തത്തിനു ശേഷമാണ് നവജിത്തിനെ പൊലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തത്. അതിക്രൂരമായ രീതിയിലാണ് മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത് .

നാട്ടുകാര്‍ കാണുമ്പോള്‍ നടരാജന്‍റെ ശരീരത്തിലാകെ മുറിവുകളായിരുന്നു. കണ്ണിലടക്കം വെട്ടിയതിനെത്തുടര്‍ന്ന് ചോര നിറഞ്ഞ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടി മാറ്റപ്പെട്ട നിലയിലായിരുന്നു. അമ്മയുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു. പൊലീസ് എത്തുന്ന സമയത്ത് രണ്ടു പേര്‍ക്കും ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ വച്ച് നടരാജന്‍ മരിച്ചു. അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. മാവേലിക്കര കോടതിയിലാണ് നവജിത്ത് പ്രാക്ടീസ് ചെയ്യുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായ രണ്ട് സഹോദരങ്ങള്‍ കൂടി നവജിത്തിനുണ്ട്.

ENGLISH SUMMARY:

Kayamkulam murder case involves a son brutally murdering his parents in Kayamkulam. The incident stemmed from disputes and the son has been taken into custody by the Kanakakunnu police.