ചെറുപ്പുളശ്ശേരി എസ്.എച്ച്.ഒയുടെ ആത്മഹത്യക്കുറിപ്പിൽ പേര് പരാമർശിച്ച ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും, അനാശാസ്യത്തിന് പിടിയിലായ യുവതിയെ വിട്ടയച്ച ശേഷം വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമേഷിനെ കുരുക്കുന്ന ഈ നിർണായക റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. തനിക്കൊപ്പം പിടിയിലായവരിൽനിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നും യുവതി കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി മൊഴിയിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചെറുപ്പുളശ്ശേരി എസ്.എച്ച്.ഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉമേഷിനെതിരെ ആരോപണം ഉയർന്നതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഡിവൈഎസ്പി ഉമേഷിനെതിരെ നിർണായക തെളിവുകളാകും.