ബൈക്ക് മോഷണ കേസിൽ ജാമ്യത്തിലിറങ്ങി 23 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ചേർത്തല പൊലീസ്. എറണാകുളം കണയന്നൂർ തലക്കോട് ഞാറുകാട്ടിൽ വീട്ടിൽ വർഗീസിനെയാണ് (ദിനേശൻ–50) മഞ്ചേശ്വരത്ത് നിന്ന് പിടികൂടിയത്. ചേർത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
ചേർത്തല മാവുങ്കൽ വീട്ടിൽ ജോൺ ജെ. മാവുങ്കലിന്റെ ബൈക്ക് 2002 ലാണ് ചേർത്തലയിൽ നിന്ന് മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വർഗീസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
2007 ൽ വർഗീസിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് വർഗീസ് കാസർകോട് മഞ്ചേശ്വരത്തുണ്ടെന്ന് ചേർത്തല ഡിവൈ.എസ്.പി ടി. അനിൽകുമാറിന് വിവരം ലഭിച്ചത്. ചേർത്തല സ്റ്റേഷൻ ഓഫീസർ ലൈസാദ് മുഹമ്മദ്, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒ എ.ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് വർഗീസിനെ അറസ്റ്റ് ചെയ്തത്.