TOPICS COVERED

എട്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവായി അവശേഷിച്ചത് പ്രതിയുടേതെന്ന് സംശയിക്കുന്ന എതാനും  രക്തത്തുള്ളികള്‍ മാത്രം. ഒടുവില്‍  മറഞ്ഞിരുന്ന കൊലയാളിയെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി യുഎസ് പൊലീസ്.  2017 മാർച്ചിലാണ് ആന്ധ്രാ സ്വദേശി ശശികല നരയെയും  മകൻ അനീഷിനെയും  ന്യൂജേഴ്‌സിയിലെ അപ്പാർട്ട്‌മെന്‍റില്‍ മരിച്ച നിലയിൽ  കണ്ടെത്തിയത്

 ശശികലയുടെ ഭര്‍ത്താവ് ഹനു നര, അവര്‍ താമസിച്ചിരുന്ന  മേപ്പിൾ ഷേഡിലുള്ള ഫോക്‌സ് മെഡോ അപ്പാർട്ട്‌മെന്‍റിലെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. ശശികലയുടെയും അനീഷിന്‍റെയും    ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നു.  കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊലചെയ്യപ്പെട്ടവരുടതല്ലാത്ത ഒരു രക്ത സാംപിളും ലഭിച്ചു. ഇത് ഭര്‍ത്താവിന്‍റേതല്ലെന്ന് ആദ്യം തന്നെ പരിശോധിച്ച് ഉറപ്പിച്ചു.  ആ സാംപിള്‍ ആരുടേതാണെന്ന് കണ്ടെത്താനായി പിന്നീടുള്ള ശ്രമം .

വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസിന് ഒരു തുമ്പുലഭിച്ചു.  കോഗ്നിസന്‍റ് ടെക്‌നോളജീസിൽ ജോലി ചെയ്തിരുന്ന നസീർ ഹമീദ് എന്നയാള്‍  ഹനു നരയെ തുടര്‍ച്ചയായി പിന്തുടര്‍ന്നിരുന്നതായി  അന്വേഷണത്തില്‍ കണ്ടെത്തി.    എന്നാല്‍ സംഭവം നടന്ന് ആറു മാസത്തിനുശേഷം ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങി. തുടര്‍ന്നും പ്രതി അതേ സ്ഥാപനത്തിലെ ജീവനക്കാരനായി തന്നെ തുടര്‍ന്നു.  ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.  കൊലപാതകവുമായി ഇയാള്‍ക്കുള്ള ബന്ധം തെളിയിക്കുന്നതിനായി പൊലീസ് വഴികളും നോക്കി. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പലതും തന്‍റെ സാങ്കേതിക പരിജ്ഞാനമുപയോഗിച്ച് ഇയാള്‍ മറയ്ക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്‍റെ  നിഗമനം. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഹമീദിനോട്  ഡിഎന്‍എ സാംപിള്‍ ആവശ്യപ്പട്ടു. പക്ഷേ ഇയാള്‍ ആ ആവശ്യം നിരസിച്ചു. തുടര്‍ന്ന്  അന്വേഷണസംഘം ഹമീദ് കമ്പനിയില്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിനായി   കോടതിയെ സമീപിച്ചു. ലാപ് ടോപ്പ് അന്വേഷണസംഘത്തിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ലാപ്ടോപ്പില്‍ നിന്ന് ലഭിച്ച സാംപിളില്‍ നിന്ന് ഫോറന്‍സിക് സംഘം  ഹമീദിന്‍റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു. ഇത് കൊലപ്പെട്ട ശശികലയുടെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ലഭിച്ച  ഡിഎന്‍എയുമായി യോജിക്കുന്നതായിരുന്നു. അങ്ങിനെ കൊലചെയ്തത്  ഹമീദ് തന്നെയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.

 ശശികലയുടെ ഭർത്താവ് ഹനു നരയുടെ  ന്യൂജേഴ്‌സി ആസ്ഥാനമായുള്ള  കമ്പനിയിൽ സഹപ്രവർത്തകനായിരുന്നു നസീർ ഹമീദ് . ഇവരുടെ വീട്ടില്‍ നിന്ന്  നടന്നുപോകാവുന്ന ദൂരത്താണ് പ്രതി താമസിച്ചിരുന്നത്. കൊലപാതകം  നടക്കുമ്പോൾ ഹമീദ് യുഎസ് വീസയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ബർലിംഗ്ടൺ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് ചീഫ് ഓഫ് ഇൻവെസ്റ്റിഗേഷൻ പാട്രിക് തോൺടൺ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്  ഇനിയും വ്യക്തത വന്നിട്ടില്ല. ഹനു നരയുമായി  പ്രതി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ  വിലയിരുത്തല്‍ .എന്തായാലും  നസീര്‍ ഹമീദിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ. ഇപ്പോള്‍ ഇന്ത്യയിലുള്ള പ്രതിയെ അമേരിക്കിലെത്തിക്കാനുള്ള നിയമനടപടിയിലാണ്  അന്വേഷണസംഘം കൊലയാളി  നസീര്‍ ഹമീദാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍  അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ENGLISH SUMMARY:

New Jersey Double Murder: A cold case cracked after eight years, thanks to DNA evidence linking Nazeer Hamid to the murders of Sasikala and Anish Nara. The investigation revealed Hamid's connection to the family and his eventual identification through forensic analysis of a recovered laptop