Untitled design - 1

 കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതിഅമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് കണ്ടെത്തിയത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതിഅമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത് .

വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സരസ്വതിയെ പിന്നീട് ആരും കണ്ടിട്ടില്ല. പലയിടത്തും തിരഞ്ഞിട്ടും ഭാര്യയെ കണ്ടെത്താനാവാത്തതോടെ ഭർത്താവായ ഗോപാലകൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുകയായിരുന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി ഉടമയാണ് അജയകുമാർ.

വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നൂറനാട് സ്വദേശിയിൽ നിന്ന് 1,30,000 രൂപയും റാന്നി സ്വദേശിയിൽ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. സരസ്വതി അമ്മാളിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.

ENGLISH SUMMARY:

Missing woman found in Hyderabad, marking a significant development in the Kerala case. The woman, previously reported missing from Kerala, was discovered alongside a suspect involved in a financial fraud case.