മുന്‍ ജയില്‍ ഡിഐജി പി.അജയകുമാറിന്‍റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ. ആരോപണങ്ങള്‍ യാഥാര്‍ഥ്യമില്ലാത്തതും അടിസ്ഥാനരഹിതവുമാണ്. ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വി.ഐ.പി സൗകര്യവും അനധികൃത സന്ദര്‍ശനവും ഒരുക്കാന്‍ പണപ്പിരിവ് നടത്തിയതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് അജയകുമാര്‍.
ഇതിന്‍റെ വൈരാഗ്യം കാരണം തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. സര്‍വീസിലുടനീളം നിരുത്തരവാദപരമായ സമീപനം പുലര്‍ത്തിയയാളാണ് അജയകുമാറെന്നും ജയില്‍ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണെന്നും ബല്‍റാംകുമാര്‍ ഉപാധ്യായ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്തെ ജയില്‍ തലപ്പത്ത് വന്‍ അഴിമതിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ഡി.ഐ.ജി മനോരമ ന്യൂസില്‍. കൈക്കൂലിക്കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെ കൂടാതെ ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും അഴിമതിയില്‍ പങ്കെന്ന് പി.അജയകുമാര്‍. കൊടി സുനി ഉള്‍പ്പടെയുള്ള ടി.പി കേസ് കുറ്റവാളികളില്‍ നിന്ന് പണം വാങ്ങി തോന്നുംപോലെ പരോളും സുഖസൗകര്യങ്ങളും ഒരുക്കി നല്‍കുന്നതായും വെളിപ്പെടുത്തല്‍.
ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ.വിനോദ്കുമാറിനെ കുറ്റവാളികളില്‍ നിന്ന് ലക്ഷങ്ങളുടെ കൈക്കൂലി പിരിവ് നടത്തിയതിന് കഴിഞ്ഞ ആഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ജയില്‍ തലപ്പത്തെ അഴിമതി അവിടെ തീരുന്നില്ലെന്നും അതിലും വലിയ ഉന്നതര്‍ക്ക് പങ്കെന്നും തുറന്ന് പറയുകയാണ് എട്ട് മാസം മുന്‍പ് വരെ ഡി.ഐ.ജിയായി പ്രവര്‍ത്തിച്ച പി.അജയകുമാര്‍. ആരോപണ മുന നീളുന്നത് മുഴുവന്‍ ജയില്‍ മേധാവിയായ എ.ഡി.ജി.പി ബല്‍റാംകുമാര്‍ ഉപാധ്യായയിലേക്ക്.
2023ല്‍ വിയ്യൂര്‍ ജയിലില്‍ കലാപം സൃഷ്ടിച്ചതിന്‍റെ എട്ടാം മാസം കൊടി സുനിക്ക് പരോള്‍ ലഭിച്ചതിന്‍റെ ഉദാഹരണം സഹിതമാണ് ആരോപണം. അക്രമം നടത്തിയെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് ജയില്‍ സൂപ്രണ്ടും പൊലീസും കൊടിസുനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. ഇത് അട്ടിമറിച്ച് ഉപാധ്യായ നേരിട്ടാണ് കൊടി സുനിക്ക് പരോള്‍ നല്‍കിയത്.
കൊടി സുനിയുടെ ബന്ധുക്കളില്‍ നിന്ന് വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അതിന്‍റെ പങ്ക് ജയില്‍ മേധാവിക്ക് കിട്ടിയെന്ന ആരോപണത്തിന് ഗൗരവം ഏറുകയാണ്. അന്വേഷിച്ച് സത്യം കണ്ടെത്തേണ്ടത് സര്‍ക്കാരാണ്.