പിതാവിനെ വെട്ടിയ ശേഷം അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ 37കാരന്‍ പിടിയില്‍. 7 വർഷമായി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന വള്ളികുന്നം കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18ന് അജേഷ് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് പിതാവ് ചോദ്യംചെയ്തതിലുള്ള വിരോധത്തിലാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. ആദ്യം പിതാവിൻറെ വലതു തോളിൽ വെട്ടി.
മുറിവേറ്റ പിതാവ് ഭയന്ന് മുറ്റത്തേക്ക് ഓടിയതോടെ പിൻതുടർന്നെത്തിയ പ്രതി വീണ്ടും തലയുടെ ഉച്ചി ഭാഗത്ത് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. അജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കെതിരെ കോടതി ലോംഗ് പെൻറിംങ്ങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വള്ളികുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.