പറവൂരിൽ സിഗരറ്റ് നൽകാത്തതിനെ ചൊല്ലിയുണ്ടായ അടിപിടിയിൽ പരുക്കേറ്റയാൾ മരിച്ചു. ഗുരുതര പരുക്കേറ്റ് ഒരു മാസം ചികിത്സയിലായിരുന്ന ചെട്ടിക്കാട് സ്വദേശി ആന്റണിയാണ് (63) മരിച്ചത്. ആന്റണിയെ മർദ്ദിച്ചതിന് റിമാൻഡിൽ കഴിഞ്ഞിരുന്ന ചെട്ടിക്കാട് സ്വദേശി പ്രദീപ് (56), മകൻ പ്രബിൻ (22) എന്നിവരുടെ ജാമ്യം റദ്ദാക്കുകയും, കൊലക്കുറ്റം ചുമത്തുകയും ചെയ്യും. കൂലിപ്പണിക്കാരനായിരുന്നു ആന്റണി.
ഒക്ടോബർ 15ന് രാത്രി എട്ടിന് ചെട്ടിക്കാട് പള്ളിക്കടുത്തായിരുന്നു സംഭവം. പ്രദീപിന്റെ കടയിലെത്തിയ ആന്റണി നൂറ് രൂപയുടെ നോട്ട് കൊടുത്ത ശേഷം ഒരു സിഗരറ്റ് തരാൻ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് പറഞ്ഞ് പ്രദീപ് സിഗരറ്റ് കൊടുത്തില്ല. സംഭവം വാക്കേറ്റത്തിലെത്തിയതോടെ പ്രദീപും പ്രബിനും ചേർന്ന് ആന്റണിയുടെ നെഞ്ചിൽ ചവിട്ടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അബോധാവസ്ഥയിലായ ആന്റണിയെ മൂന്ന് പേർ ചേർന്നാണ് വീട്ടിൽ കൊണ്ടുപോയത്. അന്ന് ആശുപത്രിയിൽ പോയതുമില്ല. പിറ്റേന്ന് രാവിലെ കളമശേരി മെഡി. കോളേജിലെത്തിച്ചപ്പോഴാണ് ശ്വാസകോശത്തിന് ക്ഷതവുമുണ്ടെന്നും വാരിയെല്ലുകൾക്ക് പൊട്ടിപ്പോയെന്നും ഡോക്ടർമാർ അറിയിച്ചത്. അങ്ങനെ ആന്റണിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യ നിലയിൽ മാറ്റമില്ലാതായതോടെ, പത്താം ദിവസം തൃശൂർ മെഡി. കോളേജിലെത്തിച്ചു. 19 ദിവസമാണ് വെന്റിലേറ്ററിൽ ആന്റണി കിടന്നത്. അതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. പോസ്‌റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.