ഏറെ വിവാദമായ കണ്ണൂർ പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരൻ. തലശ്ശേരി പോക്സോ കോടതിയുടേതാണ് വിധി. ബലാൽസംഗവും പോക്സോ വകുപ്പും കോടതിയിൽ തെളിയിക്കപ്പെട്ടു. ശിശുദിനത്തിലാണ് വിധി എന്നതും ശ്രദ്ധേയമാണ്. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
2020 മാർച്ച് 16നാണ് തലശ്ശേരി ഡിവൈഎസ്പിക്ക് പീഡന പരാതി ലഭിക്കുന്നത്. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു വീട്ടിൽ വച്ചും അധ്യാപകനായ കെ.കെ.പത്മരാജൻ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പത്തു വയസ്സുകാരി മൊഴി നൽകിയിരുന്നത്. അഞ്ച് അന്വേഷണസംഘങ്ങൾ മാറി വന്ന കേസ് വൻ വിവാദവും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഒടുവിൽ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്നകുമാർ ആയിരുന്നു അവസാന അന്വേഷണ ഉദ്യോഗസ്ഥൻ.
ക്രൈംബ്രാഞ്ച് നൽകിയ ആദ്യകുറ്റപത്രത്തിൽ ചേർക്കാതിരുന്ന പോക്സോ വകുപ്പ് അന്തിമ കുറ്റപത്രത്തിൽ ചേർത്തത് ടി.കെ.രത്നകുമാർ ഉദ്യോഗസ്ഥനായിരുന്നു. തലശ്ശേരി പോക്സോ അതിവേഗ കോടതിയിൽ ബലാത്സംഗവും പോക്സോ വകുപ്പും തെളിയിക്കപ്പെട്ട അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അവസാനം കേസ് അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്നകുമാറിനെ ഉന്നമിട്ടായിരുന്നു പ്രതിഭാഗം പ്രതികരിച്ചത്. രത്നകുമാർ കേസ് അട്ടിമറിച്ചു എന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി എന്നും പ്രതിഭാഗം വാദിച്ചു. വിവാദങ്ങളിലൂടെ സഞ്ചരിച്ച പാലത്തായി പീഡനക്കേസിലെ പരാതി വ്യാജമാണെന്നായിരുന്നു ആദ്യം അന്വേഷിച്ച പാനൂർ പൊലീസിന്‍റെ കണ്ടെത്തൽ. ഇതിനിടയ്ക്ക് ക്രൈംബ്രാഞ്ചിന് ശേഷം അന്വേഷിച്ച അന്നത്തെ ഡിഐജി എസ്.ശ്രീജിത്ത് പ്രതി നിരപരാധിയാണെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നതും വിവാദമായിരുന്നു.