തനിക്ക് വിവാഹം കഴിക്കാന്‍ വധുവിനെ കണ്ടെത്താതിന്‍റെ ദേഷ്യത്തിന് സുഹൃത്തിനെ കുത്തി യുവാവ്. ഡല്‍ഹിയിലാണ് സംഭവം. കുത്ത് കൊണ്ട യുവാവ് കത്തി വലിച്ചൂരി തിരിച്ചും കുത്തി. ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാളെ ഈ മാസം നാലിന് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.
ദീപക്കും ജഗദീഷും സുഹൃത്തുക്കളായിരുന്നു. ഏറെ നാളായി ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല ദീപക്. ഏറെ നാളത്തെ പിണക്കത്തിനൊടുവില്‍ ഭാര്യയെ സ്വന്തം വീട്ടില്‍ കൊണ്ടാക്കി മടങ്ങിയെത്തിയ ദീപക് പിന്നാലെ തനിക്ക് ഒരു പുനര്‍വിവാഹം കഴിക്കണമെന്ന് സുഹൃത്ത് ജഗദീഷിനോട് പറഞ്ഞു. താന്‍ പറ്റിയ ഒരാളെ കണ്ടെത്താം പക്ഷെ ഇത് ചിലവേറിയ പദ്ധതിയാണെന്ന് ജഗദീഷ് ദീപക്കിനോട് പറഞ്ഞു. ഇതിന് പിന്നാലെ ദീപക് ജഗദീഷിന് 30000 രൂപ അയച്ചുകൊടുത്തു.
നാളേറെയായിട്ടും ജഗദീഷ് ദീപക്കിന് ഒരു വധുവിനെ കണ്ടെത്തിയില്ല. ദീപക് വീണ്ടും വിളിച്ചപ്പോള്‍ ഇനിയും പണം ആവശ്യമാണെന്നായിരുന്നു മറുപടി. 30000 രൂപ കൂടി ജഗദീഷിന് ദീപക് അയച്ചുകൊടുത്തു. എന്നാല്‍ വീണ്ടും ഒരു വധുവിനെ കണ്ടെത്തുന്നതില്‍ ജഗദീഷ് പരാജയപ്പെട്ടു. ഒടുവില്‍ ദീപക് ഒക്ടോബര്‍ ഏഴിന് ജഗദീഷിനെ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വിളിച്ചുവരുത്തുകയും കത്തി കൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. 'എനിക്ക് പെണ്ണ് വേണ്ട, നിന്നെ കൊല്ലും' എന്ന് ആക്രോശിച്ചായിരുന്നു ദീപക്കിന്‍റെ ആക്രമണം.
ജഗദീഷിന്‍റെ നെഞ്ചിലാണ് ദീപക് കുത്തിയത്. എന്നാല്‍ നിസാരമായി പരുക്കേറ്റ ജഗദീഷ് കത്തി ഊരിയെടുത്ത് ദീപക്കിനെ മൂന്ന് തവണ കുത്തിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ദീപക്കിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ദീപക്ക് ഇരയാണെന്ന രീതിയില്‍ ആയിരുന്നു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് ദീപക്കാണ് ജഗദീഷിനെ ആക്രമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ദീപക്കിന്‍റെ അറസ്റ്റിന് പിന്നാലെ ജഗദീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഇരുവരും സുഖം പ്രാപിച്ചിട്ടുണ്ടെങ്കിലും ഗുരുതരമായ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.