പീഡനക്കേസില്‍ നാടുവിട്ട എഎപി സനൗര്‍ മണ്ഡലം എംഎല്‍എയെ പിടികൂടാനാകാതെ നട്ടംതിരിഞ്ഞ് പഞ്ചാബ് പൊലീസ്. ഓസ്ട്രേലിയയില്‍ അഭയം തേടിയ ഹര്‍മീത് സിങ് പതനംജ്ര ഇനി തനിക്ക് ജാമ്യം കിട്ടിയിട്ടേ ഇന്ത്യയിലേക്ക് വരികയുള്ളു എന്ന് ഒരു സ്വകാര്യ ചാനലിന് നടത്തിയ ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തല്‍ നടത്തി. കേസില്‍ കുടുങ്ങിയ എംഎല്‍എ സെപ്തംബര്‍ രണ്ട് മുതല്‍ മുങ്ങിയതായിരുന്നു. പഞ്ചാബില്‍ മൊത്തം തിരയുന്നതിനിടെ എംഎല്‍എ ഓസ്ട്രേലിയയില്‍ പൊങ്ങിയത് പഞ്ചാബ് പൊലീസിന് വന്‍ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.
വിവാഹബന്ധം വേര്‍പ്പെടുത്തിയ ആളാണെന്ന് പറഞ്ഞ് ബന്ധം സ്ഥാപിച്ച് യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. തുടര്‍ന്ന് യുവതിയെ ഇയാള്‍ 2021ല്‍ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീടാണ് എംഎല്‍എ ഇപ്പോഴും വിവാഹിതനാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും ഇതിന് പിന്നാലെയാണ് കേസ് കൊടുത്തതെന്നും യുവതി പറയുന്നു.
കേസിന് പിന്നാലെ എംഎല്‍എ മുങ്ങിയിരുന്നു. എന്നാല്‍ ഹരിയാനയിലെ കര്‍നാലില്‍ എംഎല്‍എ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് പിടികൂടാന്‍ ചെന്നിരുന്നു. എന്നാല്‍ പൊലീസില്‍ നിന്നും എംഎല്‍എ അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. എംഎല്‍എയുടെ അനുയായികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും കല്ലെറിഞ്ഞെന്നും പൊലീസ് പറയുന്നു. ഈ അവസരത്തിലാണ് എംഎല്‍എ കടന്നുകളഞ്ഞതെന്നാണ് പൊലീസിന്‍റെ വാദം. പട്യാല അടക്കം പ്രദേശത്ത് പൊലീസ് വന്‍ തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ എംഎല്‍എയ്ക്കായി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. വ്യാപക തിരച്ചിലിനിടെയാണ് ഓസ്ട്രേലിയയില്‍ നിന്നും എംഎല്‍എയുടെ വിവരം പുറത്തുവരുന്നത്.
തന്നെ കുടുക്കാനായി ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും ജാമ്യം ലഭിച്ചാല്‍ ഉടന്‍ നാട്ടില്‍ വരുമെന്നും എംഎല്‍എ പറഞ്ഞു. പൊലീസിന് നേരെ ആരും വെടിയുതിര്‍ത്തിട്ടില്ലെന്നും തന്നെ എന്‍കൗണ്ടര്‍ ചെയ്യാനുള്ള ശ്രമമായിരുന്നെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഒളിവിലിരിക്കുന്ന ഈ സമയത്തും എംഎല്‍എ തന്‍റെ ഫോണിലേക്ക് ഭീഷണിയും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കുന്നുണ്ടെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.