Untitled design - 1

TOPICS COVERED

മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. സ്കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. നിറമണ്‍കര സ്വദേശിയായ മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പോലീസ് ചെന്നൈയില്‍ നിന്നും പിടികൂടിയത്.

2001ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളില്‍ പഠിച്ചിരുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ ഇയാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചു. സ്കൂളില്‍ വന്ന കുട്ടിയെ കാണാതായതോടെ സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിവരമറിയിച്ചു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ട്യൂഷൻ സാറിൻ്റെ വീട്ടിൽ കുട്ടിയെ കണ്ടെത്തിയത്. മുത്തുകുമാറിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് ഇയാൾ ഒളിവില്‍ പോവുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാൾ ചെന്നൈയിൽ എത്തുന്നത്. അവിടെവെച്ച് മതം മാറിയ ഇയാൾ സാം എന്ന പേരില്‍ പാസ്റ്ററായി ജോലി നോക്കി വരികയായിരുന്നു. ഇതിനിടെ രണ്ടുതവണ വിവാഹവും കഴിച്ചു. പിടിക്കപ്പെടാതിരിക്കാൻ ഒളിവിലായിരുന്ന അത്രയും കാലം മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചില്ല. പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് പ്രതി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. വീട്ടുകാരെ നിരീക്ഷിച്ചുവന്നിരുന്ന പൊലീസ്, കോൾ വന്ന ഫോൺ നമ്പർ അന്വേഷിച്ചുനടത്തിയ പരിശോധനയിലാണ് മുത്തുകുമാർ പിടിയിലാവുന്നത്. പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

ENGLISH SUMMARY:

POCSO case accused was arrested after 25 years of being on the run. The accused, who had been hiding after committing the crime, was finally apprehended by the authorities.