17 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ 21കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. ചെമ്മരുതി സ്വദേശി കിരൺ എന്ന് വിളിക്കുന്ന സന്ദീപിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്.
വര്‍ക്കല ചെമ്മരുതിയില്‍ തന്നെ താമസിക്കുന്ന 17 കാരിയുമായി പ്രണയത്തിലായിരുന്ന 21കാരന്‍ പെൺകുട്ടിയെ വിവാഹ വാദ്ഗാനം ചെയ്ത് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അയിരൂര്‍ പൊലീസ് പറയുന്നു.
17കാരി സ്കൂളിൽ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ അദ്ധ്യാപകർ കാര്യം തിരക്കുകയായിരുന്നു. പെണ്‍കുട്ടി ഒന്നും വിട്ടു പറയാതായതോടെ കൗൺസിലിങ് നല്‍കി. അപ്പോഴാണ് പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ട വിവരം പുറത്തു പറയുന്നത്. തുടര്‍ന്നാണ് അവള്‍ ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായത്. അദ്ധ്യാപകരാണ് ഈ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുക്കുകയുമായിരുന്നു. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു.