Untitled design - 1

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവവുമായി മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ. ജാൻവി എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മൂന്നാർ സന്ദർശനവേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സാമൂഹിക മാധ്യമത്തിൽ ചർച്ചയായി.

മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ യുവതി ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് മൂന്നാറിലെത്തിയത്. എന്നാൽ മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം ഇവരെ തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു. 

ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നുമാണ് വിഡിയോയിലുള്ളത്. മൂന്നാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സമാന സംഭവങ്ങളിൽ സന്ദർശകരുമായെത്തിയ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കു പ്രദേശവാസികളിൽ നിന്നു മർദനമേറ്റിട്ടുണ്ട് . 

ENGLISH SUMMARY:

Munnar taxi issue highlights the negative experience faced by a Mumbai tourist due to local taxi drivers and police involvement. This incident raises concerns about safety and tourism practices in Munnar, potentially impacting future visits.