ആളുകളുടെ സ്വകാര്യ ഫോൺ വിളി രേഖകളും ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകിയിരുന്ന ഹാക്കറിനെ പത്തനംതിട്ട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കോട്ടമുകൾ സ്വദേശിയായ ജോയൽ വി. ജോസ് ആണ് പിടിയിലായത്.
ഇയാൾ പണം വാങ്ങി ഒട്ടേറെ പേർക്ക് ഫോൺ വിളി രേഖകളും കൃത്യമായ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ചോർത്തി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയുടെ പ്രവർത്തനം അതീവ ഗൗരവമേറിയ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതാണ്.
ചോർത്തിയത് സാധാരണ വിവരങ്ങൾ മാത്രമാണോ അതോ മറ്റ് ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് മേൽനോട്ടം. പ്രതിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനകൾക്കായി അയച്ചു.