AI IMAGE
കടയിലെത്തിയ പത്തുവയസുള്ള രണ്ടു കുട്ടികളെ വ്യത്യസ്ത സമയങ്ങളില്‍ ലൈംഗികമായി ഉപയോഗിച്ച പലവ്യഞ്ജനക്കടക്കാരന് 13 വർഷം തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. തിരുവനന്തപുരം മുടവൻമുഗൾ സ്വദേശി വിജയനെയാണ് (73) പ്രത്യേക പോക്സോ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
ഒരു കേസിൽ പത്തുവർഷം തടവും 1,00,000 രൂപ പിഴയും രണ്ടാം കേസിൽ 3 വർഷവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പക്ഷാഘാതത്താല്‍ തളർന്നുപോയ വിജയനെ ആംബുലൻസിലാണ് വിധി കേള്‍ക്കാനായി കോടതിയിൽ എത്തിച്ചത്.
2022ല്‍ മുടവൻമുഗളിൽ പലവ്യഞ്ജനക്കട നടത്തുകയായിരുന്നു വിജയന്‍. ആ സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ മിക്കപ്പോഴും കടയിലെത്തിയിരുന്ന കുട്ടികളെ ഇയാള്‍ ഭീഷണിപ്പെടുത്തി പല വട്ടം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഭീഷണിയില്‍ ഭയന്ന കുട്ടികൾ വീട്ടുകാരോട് ഒന്നും പറഞ്ഞില്ല. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകണമെന്ന് വീണ്ടും വീട്ടുകാർ നിർബന്ധിച്ചപ്പോഴാണ് കുട്ടികൾ മാനസിക സംഘര്‍ഷത്തിലായത്.
ഇതിനിടെ ആദ്യം പീഡനത്തിനിരയായ കുട്ടി, കടയിലെത്തിയ രണ്ടാമത്തെ കുട്ടിയോട് തനിക്കുണ്ടായ ദുരവുഭവം തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. രണ്ടാമത്തെ പെണ്‍കുട്ടി തനിക്കും സമാന അനുഭവം ഉണ്ടായെന്നും ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലാതിരുന്നുവെന്നും വെളിപ്പെടുത്തി.
അപ്പോഴാണ് രണ്ടുപേരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. പെണ്‍കുട്ടികള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കളെത്തി വിജയനെ മർദ്ദിച്ചിരുന്നു. തന്നെ ആക്രമിച്ചുവെന്ന് കാട്ടി വിജയന്‍ പൊലീസിൽ പരാതിയും നല്‍കി. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത വിരോധത്തിലാണ് പ്രതിക്കെതിരെ പീഡനക്കേസ് നൽകിയതെന്നായിരുന്നു പ്രതിഭാഗം വാദം. ഇത് കോടതി തള്ളിക്കളയുകയായിരുന്നു. മകളെ പീഡിപ്പിച്ചതറിഞ്ഞപ്പോഴാണ് പ്രതിയെ മർദിച്ചതെന്ന് കോടതിയിൽ പിതാവ് മൊഴി നൽകിയിരുന്നു.