രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെ ആക്രമിച്ച വയോധികനെ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. ആറ്റിങ്ങൽ സ്വദേശികളായ രമ, ലത എന്നിവരെ മർദിച്ച ചിറയിൻകീഴ് സ്വദേശി രാജുവിനെയാണ് (65) പൊലീസ് അറസ്റ്റു ചെയ്തത്.
ആറ്റിങ്ങൽ - കാട്ടുംപുറം റോഡിൽ വച്ചാണ് ഹരിതകർമ്മ സേനാംഗങ്ങളെ അടിച്ചത്. രമ, ലത എന്നിവർ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കിൽക്കെട്ടി പാലസ് റോഡിനു സമീപത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കുകെട്ടുകൾ തിരികെയെടുക്കാനെത്തിയപ്പോൾ രാജു അത് കത്തികൊണ്ട് കീറി സാധനങ്ങൾ എടുത്തുമാറ്റാൻ ശ്രമിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇത് ചോദ്യം ചെയ്യുന്നതിടെയാണ് ഇരുവരെയും രാജു ആക്രമിച്ചത്. സംഭവത്തെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗമാണ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രാജു ആണ് അക്രമം നടത്തിയതെന്ന് മനസിലായതും അറസ്റ്റ് ചെയ്തതും.