പറവൂരില്‍ ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനാറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 24കാരന് 33 വര്‍ഷം തടവ് വിധിച്ച് കോടതി. വരാപ്പുഴ ചിറക്കകം സ്വദേശി ശ്രീജിത്തിനെയാണ് (24) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി 33 വർഷം കഠിനതടവിനും 25,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടി അധികതടവ് അനുഭവിക്കണം.
സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട പെൺകുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ശ്രീജിത്ത് 2022 സെപ്റ്റംബർ മുതൽ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വരാപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കുറ്റകൃത്യം നടന്ന സ്ഥലത്തെ മുനമ്പം പൊലീസിന് കൈമാറുകയായിരുന്നു. ഇൻസ്പെക്ടറായിരുന്ന എ.എൽ. യേശുദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 54 രേഖകൾ തെളിവായി ഹാജരാക്കുകയും 26 സാക്ഷികളെ വിസ്തരിക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവിത ഗിരീഷ്‌കുമാറാണ് ഹാജരായത്.