പ്രണയം തകര്‍ന്നതിനെ കുറിച്ച് ചോദിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കാമുകന്‍റെ സുഹൃത്ത് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. മര്‍ദനമേറ്റ് ഗുരുതരമായ പരുക്കുകളോടെ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി അമലാണ് മരിച്ചത് .
വര്‍ക്കല കണ്ണമ്പയിലുണ്ടായ കയ്യാങ്കളിയിലാണ് അമലിന് ഗരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം . സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു അമലിന്‍റെ സുഹൃത്തും കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം തകര്‍ന്നതോടെ അമലും സുഹൃത്തുക്കളും ഇതേകുറിച്ച് സംസാരിക്കാന്‍ കണ്ണമ്പയിലെ വീട്ടിലെത്തി.
സംസാരത്തിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി വഴക്കായി . ഇതേ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഇതിനിടെ അമല്‍ അടിയേറ്റ് വീണു. പ്രശ്നങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ അമല്‍ പിറ്റേന്ന് രക്തം ഛര്‍ദിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പരുക്ക് ഗുരുതമാണെന്ന് മനസിലാക്കിയത് . തെങ്ങില്‍ നിന്ന് വീണെന്നാണ് അമലിന്‍റെ ബന്ധുക്കള്‍ ഡോക്ടറോട് പറഞ്ഞത് .
എന്നാല്‍ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു ഇതിനിടെ ആരോഗ്യനില വഷളായി അമല്‍ 17ന് മരിച്ചു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് വര്‍ക്കല പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.