തിരുവനന്തപുരം കാഞ്ഞിരംകുളത്ത് മോട്ടർ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം പിരിച്ച യുവാവ് അറസ്റ്റിൽ. പാറശ്ശാല ആർ.ടി.ഒ ഓഫിസിലെ മുൻ താൽക്കാലിക ജീവനക്കാരനും കാഞ്ഞിരംകുളം സ്വദേശിയുമായ രതീഷിനെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തടത്തിക്കുളം ബൈപ്പാസ് മേഖലയില്‍ രാത്രിയിൽ ലോറി തടഞ്ഞ് വാഹന ഉടമകളെ ഭീഷണിപ്പെടുത്തി വന്‍തോതില്‍ പണം വാങ്ങുകയായിരുന്നു.
തിരുനെല്‍വേലി സ്വദേശി സെന്തില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കയറ്റി വരുന്ന ലോറികളില്‍ നിന്നാണ് യുവാവ് പണം പിരിച്ചത്. എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെന്ന് അറിയിച്ച് വാഹന പരിശോധനയും തുടർന്ന് ഭീഷണി മുഴക്കിയും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ഗൂഗിള്‍ പേ വഴി നൽകിയ പണത്തിന്‍റെ വിവരം പിന്തുടർന്നാണ് പൊലീസ് രതീഷിനെ പിടികൂടിയത്. ഒരു ദിവസം മാത്രം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുപ്പത്തി ഏഴായിരം രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു.