പാലക്കാട് അട്ടപ്പാടിയിൽ 10,000 ചെടികളടങ്ങിയ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. അഗളി സത്യക്കല്ല് മലയുടെ താഴ് വാരത്തായിരുന്ന കൃഷി ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും കേരള തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചത്. ഏറെ ദുഷ്കരമായിട്ടുള്ള കാട്ടിലൂടെ അഞ്ചു മണിക്കൂർ സഞ്ചരിച്ചു വേണം ഈ ഭാഗത്തെത്താൻ. ചെടികൾക്ക് മൂന്നു മാസം പ്രായമുണ്ട്. പ്രത്യേക സംഘം ചെടികൾ വേരോട് പിഴുതു മാറ്റി കത്തിച്ചു നശിപ്പിക്കുകയായിരുന്നു.
നട്ടത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പൊലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘം തിരച്ചിലിനിറങ്ങിയത്.
കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നതിന്‍റെ വിഡിയോ പൊലീസ് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘കൂട്ടിയിട്ടങ്ങ് കത്തിച്ചു’ എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിഡിയോ പങ്കുവച്ചത്. പിന്നാലെ കമന്‍റുകളുമായി ആളുകളുമെത്തി.