തൃശൂരില്‍ രണ്ടു ക്ഷേത്രങ്ങളില്‍ കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നു. പ്രധാനപ്പെട്ട റോഡില്‍ നിന്ന് മാറി ഏറെ ഉള്ളിലാണ് ഈ ക്ഷേത്രങ്ങള്‍. ഈ രണ്ടിടത്തും എത്തിപ്പെടാന്‍ നല്ല പരിചയമുള്ളവര്‍ക്കെ കഴിയൂ. ചിറ്റിലപ്പിള്ളി പഴമ്പുഴ വിഷ്ണു ക്ഷേത്രത്തിലും പണിക്കപ്പറമ്പില്‍ ഭദ്രകാളി ക്ഷേത്രത്തിലുമായിരുന്നു കവര്‍ച്ച. പഞ്ചലോഹ തിടമ്പും തിരുവാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. ഭണ്ഡാരവും കാണാനില്ല. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു കവര്‍ച്ച. ഒരേസമയം രണ്ടിടത്താണ് കവര്‍ച്ച. ഭക്തരെ ഏറെ വിഷമത്തിലാക്കി രണ്ടു കവര്‍ച്ചകള്‍. ആരാകും ഇതു ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. തൃശൂര്‍ എ.സി.പി.: കെ.ജി.സുരേഷും സംഘവും അന്വേഷണം ഏറ്റെടുത്തു.
സി.സി.ടി.വി നോക്കാം
എന്തു ക്രൈം നടന്നാലും പൊലീസിന്‍റെ ആദ്യ നോട്ടം സിസിടിവി കാമറകളിലേക്കാണ്. ക്ഷേത്ര പരിസരത്തെ സിസിടിവി ക്യാമറയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ഒരാള്‍ സൈക്കിളില്‍ വരുന്നുണ്ട്. ഈ ക്യാമറ കള്ളന്‍തന്നെ ഓഫാക്കിയതാകണം. പത്തു മിനിറ്റു ശേഷമാണ് രണ്ടാമത്തെ കവര്‍ച്ച. കള്ളന്‍റെ മുഖം വ്യക്തമല്ല. സൈക്കിള്‍ ഏകദേശം തെളിഞ്ഞു കാണുന്നുമുണ്ട്. സൈക്കിളുകാരനെ തിരിച്ചറിയാന്‍ പൊലീസ് നെട്ടോട്ടമോടി. പേരാമംഗലം എസ്.എച്ച്.ഒ : കെ.സി.രതീഷും എസ്.ഐ: അശോക് കുമാറും പലവഴിയ്ക്കായി അന്വേഷണം തുടങ്ങി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കൃഷ്ണകുമാറും പ്രത്യേക സ്ക്വാഡ് അംഗങ്ങളായ പി.ഹരീഷ്കുമാറും വി.ബി.ദീപക്കും അതിഥി തൊഴിലാളികളെ ഉന്നമിട്ടായി അന്വേഷണം.
അമ്പലത്തില്‍ പണിക്കാര്‍ വന്നിരുന്നോ?
ഒക്ടോബര്‍ മൂന്നിന് ക്ഷേത്രത്തില്‍ അറ്റക്കുറ്റപ്പണി നടന്നിരുന്നു. അന്നത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അതാ വരുന്നു സൈക്കിളില്‍ ഒരു അതിഥി തൊഴിലാളി. കവര്‍ച്ച നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അതേ സൈക്കിള്‍. ക്ഷേത്രത്തിനു സമീപത്തെ വീടുകളിലെ സിസിടിവി കാമറകള്‍ നോക്കി. കള്ളന്‍റെ റൂട്ട് മാപ്പ് കണ്ടെത്തി. വാടകയ്ക്കു താമസിക്കുന്ന വീടിനു മുമ്പില്‍ വരെ പൊലീസ് എത്തി. വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞു. ബിസ്വജിത്ത് ബായെന്‍ എന്നാണ് കള്ളന്‍റെ പേര്. ബംഗാള്‍ സ്വദേശി. ഇരുപത്തിഞ്ചു വയസുണ്ട്. ഒരു മാസം മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. കൂലിപ്പണിയ്ക്കു പോകും. വീട്ടുടമയുടെ പക്കലെ സ്പെയര്‍ കീ എടുത്ത് വീട് തുറന്ന് നോക്കി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ അടുക്കളയില്‍ കണ്ടു. ചിത്രമെടുത്ത് ക്ഷേത്രം ഭാരവാഹികള്‍ക്ക് അയച്ചു കൊടുത്ത് ഉറപ്പാക്കി. വേഗം, മുറി പൂട്ടി പുറത്ത് ഒളിച്ചിരുന്നു.
കൂളായി അതേ സൈക്കിളില്‍ വന്നു
പൊലീസ് തിരയുന്ന സൈക്കിളില്‍ അതാ വരുന്നൂ കള്ളന്‍. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അതേ സൈക്കിള്‍. അതേ ആള്‍. കയ്യോടെ പിടിച്ചു. കാര്യങ്ങള്‍ സമ്മതിച്ചു. പഞ്ചലോഹ തിടമ്പ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടിരുന്നു. പണമെടുത്ത ശേഷം ഭണ്ഡാരം സമീപത്തെ പാടത്തെ കോണ്‍ക്രീറ്റ് സ്ലാബിനരികില്‍ ഒളിപ്പിച്ചു. അതും കണ്ടെടുത്തു. കള്ളന്‍റെ വാഹനമായ സൈക്കിളും കണ്ടെടുത്തു. ഭണ്ഡാരത്തില്‍ നിന്ന് കിട്ടിയ കുറച്ചു പണം മാത്രം ചെലവഴിച്ചു. കവര്ടച്ന്ന്ച നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് തെളിയിച്ചു. അതിനു സഹായിച്ചതാകട്ടെ സൈക്കിളും. സുഹൃത്തിന്‍റെ സൈക്കിള്‍ക്കടയില്‍ നിന്ന് തല്‍ക്കാലം ഉപയോഗിക്കാന്‍ വാങ്ങിയ സൈക്കിളാണിത്. ഉടമ വരാത്തതിനാല്‍ സൈക്കിള്‍ കടയില്‍തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.