പാലക്കാട് ശ്രീകൃഷ്ണപുരത്ത് 26 കാരി വൈഷ്ണവിയെ ഭർത്താവ് ദീക്ഷിത്ത് കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. മരണം ഉറപ്പു വരുത്തിയ ശേഷം യുവതിയുടെ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നെന്നും സംശയരോഗമാണ് കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.
നാലു വർഷത്തെ പ്രണയശേഷം ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സംശയങ്ങൾ പറഞ്ഞു ഇടയ്ക്കിടെ തർക്കമുണ്ടാകാറുണ്ട്. കഴിഞ്ഞ ഒമ്പതിന് രാത്രിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെഡ്ഷീറ്റ് വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ബന്ധുക്കളെ വിവരമറിയിച്ചത് മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷം. ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നുവെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. കൊലക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
ദീക്ഷിത്തിനെതിരെ കൊലക്കുറ്റവും പട്ടികജാതി വർഗ അതിക്രമം തടയൽ വകുപ്പുകളും ചുമത്തി. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി എന്ന് പറഞ്ഞ് 9 നു രാത്രി ദീക്ഷിത്ത് തന്നെയാണ് വൈഷ്ണവിയെ ആശുപത്രിയിൽ എത്തിച്ചത്. 10 നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു