വനിതാ ഹോസ്റ്റലുകളിലും സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും ഒളിച്ചിരുന്ന് നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി വിനോദ് (35) ആണ് പിടിയിലായത്.  കഴക്കൂട്ടം എസ്.എച്ച.ഒ പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഐ ടി ജീവനക്കാരികൾ താമസിക്കുന്ന ഹോസ്റ്റലുകളുടെയും വീടുകളുടെയും സമീപത്തെത്തി രാത്രിയിൽ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്യുന്നതാണ് യുവാവിന്റെ രീതി. സ്ത്രീകൾ കതകോ ജനലോ തുറന്നാൽ ഉടൻ ന​ഗ്നതാ പ്രദർശനം നടത്തും. 

ശല്യം സഹിക്കവയ്യാതായതോടെ നിരവധി സ്ത്രീകൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. 

എന്നാൽ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും രക്ഷപ്പെടുകയാണ് യുവാവിന്റെ പതിവ്. മാനക്കേട് കരുതി പല സ്ത്രീകളും രേഖാമൂലം പരാതിപ്പെടാറില്ല. രാത്രിയിൽ ജനലോ വാതിലോ തുറക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ പൊറുതിമുട്ടിയ താമസക്കാർ എങ്ങനെയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 

അങ്ങനെയാണ് ദിവസങ്ങൾക്ക് മുമ്പ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനടുത്ത് വനിതകൾ മാത്രമുള്ള വീട്ടിനു സമീപം വന്ന് നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടകളും കാണിച്ച യുവാവിന്റെ വിഡിയോ സ്ത്രീകൾ മൊബൈലിൽ പകർത്തിയത്. ആ ദൃശ്യം ഉൾപ്പടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിനോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Naked exhibition arrest: A 35-year-old man was arrested in Kazhakkoottam, Thiruvananthapuram for allegedly engaging in indecent exposure near women's hostels and residences. The accused, Vinod, was remanded in custody after being presented in court.