പത്തനംതിട്ട കോഴഞ്ചേരിയില്‍ സാനിറ്ററിവെയർ കടയിൽ നിന്ന് 2 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ജേക്കബ് തോമസ് എന്നയാളുടെ തെക്കേമല ജംഗ്ഷനിലുള്ള ഹോംടെക് ട്രൈഡേഴ്‌സ് എന്ന സ്‌ഥാപനത്തിൽ നിന്നാണ് സാനിറ്ററി വെയർ ഉൽപന്നങ്ങള്‍ കട കുത്തിത്തുറന്ന് അടിച്ചുകൊണ്ടുപോയത്. 

കടയുടമയുടെ പിതാവ് മരണപ്പെട്ടതിനാല്‍ 3 ദിവസമായി കട അടവായിരുന്നു. വെള്ളിയാഴ്‌ച രാവില 11ന് കട തുറന്നിരുന്നു. ഇതിന് ശേഷം അൽപം കഴിഞ്ഞ് കട അടച്ചു. പിന്നീട് തിങ്കളാഴ്‌ച കട തുറക്കാനെത്തിയപ്പോഴാണ് പിൻഭാഗത്തെ ഷട്ടറിന്റെ ലോക്ക് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സ്‌ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കവർ പൊളിച്ച് സാനിറ്ററി വെയർ ഉൽപന്നങ്ങൾ മാത്രം മോഷ്‌ടിച്ചതായി കണ്ടത്. 

മണം പിടിച്ചെത്തിയ പൊലീസ് നായ സംഭവസ്ഥലത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിൽ എത്തിനില്‍ക്കുകയായിരുന്നു. സാനിറ്ററി വെയർ ഉൽപന്നങ്ങൾ  ഇവിടെ എത്തിച്ച് വാഹനത്തിൽ കൊണ്ട് പോയതാവാമെന്ന് പൊലീസ് പറയുന്നു. കടയിലെ സിസിടിവി ക്യാമറ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. ശനിയാഴ്‌ച രാത്രിയിലാണ് മോഷണം നടന്നതെന്ന നിഗമനത്തില്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.  

ENGLISH SUMMARY:

Sanitary ware theft has been reported in Pathanamthitta. Thieves stole sanitary ware products worth ₹2 lakh from a shop in Kozhencherry.