തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതത്തില്‍ വന്‍ വഴിത്തിരിവ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതില്‍ അമ്മ ശ്രീതുവിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് –കേരള അതിര്‍ത്തി പ്രദേശമായ കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ശ്രീതുവിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. ശ്രീതുവും കേസിലെ ഒന്നാംപ്രതിയായ സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമെന്ന ചിന്തയാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കണ്ടെത്തി.
ഹരികുമാറും ശ്രീതുവും തമ്മിലുളള വാട്സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്തതോടെയാണ് ശ്രീതുവിന്‍റെ പങ്ക് തെളിഞ്ഞത്. അതിനിടെ കുട്ടിയുടെ ഡി.എന്‍.എയ്ക്ക് ശ്രീതുവിന്‍റെ ഭര്‍ത്താവിന്‍റേയും അമ്മാവന്‍റേയും ഡിഎന്‍എയുമായി പൊരുത്തമില്ലെന്നും ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ബാലരാമപുരത്തെ വാടകവീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാന്‍ കിടന്ന രണ്ടര വയസുകാരിയെ കഴിഞ്ഞ ജനുവരി 30 ന് നേരം പുലര്‍ന്നപ്പോള്‍ വീട്ട് മുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശ്രീതുവിന്‍റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മുറിയില്‍ നിന്നും കുട്ടിയെ കാണാതായ സമയത്ത് താന്‍ കുളിമുറിയിലാണെന്നായിരുന്നു നേരത്തെ ശ്രീതു നല്‍കിയ മൊഴി. ഇത് കള്ളമാണെന്നും പൊലീസ് വ്യക്തമാക്കി. ശ്രീനു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.
ദേവേന്ദുവിന്‍റെ ഡി.എന്‍.എ പരിശോധനാഫലം ശ്രീതുവിന്‍റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ല. ശ്രീതുവിന്‍റെയും ഭര്‍ത്താവിന്‍റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് കരുതിയിരുന്നത്. അതോടെ ശ്രീതുവിന്‍റെ സഹോദരന്‍ ഹരികുമാറിന്‍റെ ഡി.എന്‍.എയുമായി പരിശോധിച്ചു. അതും യോജിക്കുന്നില്ല. അതായത് ശ്രീതുവിന്‍റെ ഭര്‍ത്താവിന്‍റെയോ സഹോദരന്‍റെയോ ഡി.എന്‍.എയുമായി ദേവേന്ദുവിന്‍റെ ഡി.എന്‍.എ യോജിക്കുന്നില്ല. സംശയാസ്പദമായ നാലു പേരുടെ ഡിഎന്‍എ കൂടി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്നായിരുന്നു പൊലീസില്‍ വന്ന പരാതി. പൊലീസെത്തി പരിശോധിച്ചപ്പോളാണ് കിണറ്റില്‍ നിന്ന് മൃതദേഹം കിട്ടിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.