ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണമെടുക്കാനെന്ന് ധരിപ്പിച്ച് ജുവലറി വർക്സ് ഉടമയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി പണം കവർന്ന സംഘം പിടിയിൽ. ചിറയിൻകീഴ് ശ്രീകൃഷ്‌ണ ജുവലറി വർക്സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജന്റെ (40) 2 ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്. ചിറയിൻകീഴ് സ്വദേശി അഭിലാഷ് (38), രാമച്ചംവിള സ്വദേശി അനൂപ് (27), എ.സി.എ.സി നഗർ സ്വദേശി ശരത്ത് (28), കടുവയിൽ സ്വദേശി മഹി (23) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. പാങ്ങോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കണമെന്ന് അഭിലാഷ് പറഞ്ഞത് കേട്ടാണ് സാജനും കടയിലെ ഒരു ജോലിക്കാരനും നാലര ലക്ഷം രൂപയുമായി പോയത്. ഇരുവരും കയറിപ്പോയത് അഭിലാഷ് പറഞ്ഞു വിട്ട ഓട്ടോയിലാണ്. ഓട്ടോ ഓടിച്ചിരുന്നത് പ്രതികളിലൊരാളായ ശരത്തും ഒപ്പമുണ്ടായിരുന്നത് മഹിയുമായിരുന്നു.
വഴിമദ്ധ്യേ ആറ്റിങ്ങലിന് സമീപത്തുവെച്ച് ഓട്ടോയുടെ പിൻവശത്ത് പതുങ്ങിയിരുന്ന രണ്ടുപേർ സാജന്‍റെ കണ്ണിൽ മുളകുപൊടി വിതറി മർദിച്ച ശേഷം കൈവശമുണ്ടായിരുന്നതിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്നെന്നാണ് സാജൻ നൽകിയ പരാതി. പരുക്കേറ്റ സാജൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.