ബാലരാമപുരത്ത് ദേവേന്ദു എന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് കേരളം ഞെട്ടലോടെ കേട്ട വാര്‍ത്തയാണ്. ജനുവരി 30ന് പുലര്‍ച്ചെയായിരുന്നു ദേവേന്ദു കൊല്ലപ്പെട്ടത്. അച്ഛനും അമ്മയും സഹോദരനും കൂടാതെ അമ്മാവനും മുത്തശ്ശിയും കഴിയുന്ന വീട്ടില്‍ കിടന്നുറങ്ങിയ ദേവേന്ദുവാണ് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച് കിടന്നത്. അമ്മാവനാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്നായിരുന്നു പൊലീസിന്‍റെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ എട്ട് മാസം കഴിയുമ്പോള്‍ ദേവേന്ദുവിന്‍റെ പെറ്റമ്മ ശ്രീതുവും അറസ്റ്റിലാവുകയാണ്.
ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. പക്ഷെ കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും ശ്രീതുവിന് അറിയാമായിരുന്നുവെന്നും പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. ശ്രീതുവിനോട് ഹരികുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അത് ശ്രീതുവും എതിര്‍ത്തിരുന്നില്ല. ഈ ബന്ധത്തിന് തടസം കുട്ടിയാണെന്ന് ഹരികുമാര്‍ കരുതി. ഇതോടെ കുട്ടിയെ കൊല്ലുമെന്ന് പലതവണ ഹരികുമാര്‍ ശ്രീതുവിനോട് പറഞ്ഞു.
Also Read: രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മയ്ക്കും പങ്ക്; ശ്രീതു അറസ്റ്റില്‍
ഒരുതവണ പോലും അതിനെ എതിര്‍ക്കാനോ കുട്ടിയെ സുരക്ഷിതയാക്കാനോ ശ്രീതു ശ്രമിച്ചില്ല. കുട്ടിയെ കിണറ്റില്‍ നിന്ന് കിട്ടിയപ്പോള്‍ കൊന്നത് ഹരികുമാറാണെന്നും ശ്രീതുവിന് അറിയാമായിരുന്നു. ഇതും പൊലീസിനോട് മറച്ചുവെച്ചു. ഇതോടെയാണ് ദേവേന്ദുവിനെ കൊന്നതില്‍ ശ്രീതുവിനും പങ്കെന്ന് പൊലീസ് ഉറപ്പിക്കുന്നത്.
കേസിന്‍റെ അന്വേഷണ ഭാഗമായി ശ്രീതുവിന്‍റെ നുണ പരിശോധനക്ക് പൊലീസ് ശ്രമിച്ചു. എന്നാല്‍ അതിന് തയാറാകാതെ മുങ്ങുകയാണ് ചെയ്തത്. ഇതും ശ്രീതുവിലേക്ക് സംശയം കൂടാന്‍ ഇടയാക്കി. ഹരികുമാര്‍ അറസ്റ്റിലായതിന് പിന്നാലെ മറ്റ് ചില സാമ്പത്തിക തട്ടിപ്പുകേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. അതിന് ശേഷം ജാമ്യം കിട്ടിയ ശ്രീതു ബാലരാമപുരത്ത് നിന്ന് പൊള്ളാച്ചിയിലെ മേട്ടുപ്പാളയത്തിലേക്ക് താമസം മാറ്റി. ഇന്നലെ രാത്രി അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.