നേവി, ആര്‍മി, ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹവാഗ്ദാനം നല്‍കി യുവതികളില്‍ നിന്ന് പണംതട്ടുന്ന തട്ടിപ്പ് വീരന്‍ കൊച്ചിയില്‍ പിടിയില്‍. ഒരു വര്‍ഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനിനെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാളക്കാരന്‍റെയും നാവിക ഉദ്യോഗസ്ഥന്‍റെയും വേഷത്തിലുള്ള അജ്മലിന്‍റെ ചിത്രങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്തി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് തട്ടിപ്പുവീരനായ അജ്മലിനെ പിടികൂടിയത്. നേവി ഉദ്യോഗസ്ഥനെന്ന് തെറ്റിധരിപ്പിച്ചാണ് അജ്മല്‍ യുവതിയെ സമീപിക്കുന്നത്. വിശ്വാസം വര്‍ധിപ്പിക്കാന്‍ നേവി യൂണിഫോമിലുള്ള ചിത്രം തിരിച്ചറിയല്‍ കാര്‍ഡ് അടക്കം അയച്ചു നല്‍കി. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പലതവണ പീഡിപ്പിച്ചു. പിന്നീടാണ് യുവതി ഇയാള്‍ തട്ടിപ്പുകാരനാണമെന്ന് തിരിച്ചറിയുന്നത്. 2023ല്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മുളന്തുരുത്തി സ്വദേശിനിയെയും അജ്മല്‍ കബളിപ്പിച്ചു. ഇവരുടെ മുപ്പത് ലക്ഷം രൂപയും തട്ടിയെടുത്തു. മുളന്തുരുത്തി പൊലീസ് ഹൈദരാബാദില്‍ നിന്ന് അജ്മലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം അജ്മല്‍ സമാനരീതിയില്‍ തട്ടിപ്പ് തുടര്‍ന്നു. ഒരുവര്‍ഷത്തിനിടെ അജ്മലിനെ തേടി സെന്‍ട്രല്‍ പൊലീസ് പലയിടങ്ങളിലായി തിരച്ചില്‍ നടത്തി.
മൊബൈല്‍ഫോണടക്കം മാറ്റിയായിരുന്നു താമസം. തന്‍റെ പിതാവിന്‍റെ പേരില്‍ സിംകാര്‍ഡെടുത്ത് അതാണ് അജ്മല്‍ ഉപയോഗിച്ചിരുന്നത്. ഇത് മനസിലാക്കിയ സെന്‍ട്രല്‍ പൊലീസ് ചേര്‍ത്തലയിലെ ലോഡ്ജില്‍ നിന്നാണ് അജ്മലിനെ പിടികൂടിയത്. അജ്മലിന്‍റെ കൈവശമുണ്ടായിരുന്ന ഫോണിലാണ് നിര്‍ണായക തെളിവുകളായ ഫോട്ടോകള്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിയുന്ന കാലയളവില്‍ മറ്റൊരു പെണ്‍കുട്ടിയെയും അജ്മല്‍ വലയിലാക്കിയിരുന്നു. ആര്‍മി ഉദ്യോഗസ്ഥനെന്നാണ് ഈ പെണ്‍ക്കുട്ടിയോട് പറഞ്ഞിരുന്നത്. ആര്‍മി യൂണിഫോമിലുള്ള ഫോട്ടോകളും പെണ്‍കുട്ടിക്ക് പങ്കുവെച്ചു. പട്ടാളക്കാരനെന്ന് വിശ്വസിപ്പിക്കാന്‍ മുടിവെട്ടിയത് പോലും ആര്‍മി സ്റ്റേലില്‍.
കൂടുതല്‍ പെണ്‍കുട്ടികള്‍ അജ്മലിന്‍റെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. റിട്ട പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പണം തട്ടിയ കേസിലും അജ്മല്‍ പ്രതിയാണ്. ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന പരിചയപ്പെട്ട് യുവതികളെ പീഡിപ്പിക്കുന്നതിന് പുറമെ അവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതാണ് അജ്മലിന്‍റെ രീതി. സെന്‍ട്രല്‍ എസിപി സിബി ടോമിന്‍റെ നേതൃത്വത്തില്‍ എസ്ഐ സലിം, എഎസ്ഐ ഷാജി, മനോജ്, സസിവില്‍ പൊലീസ് ഓഫിസര്‍മാരായ ജോബി, വിബിന്‍, ഹരീഷ്, പ്രശാന്ത്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.