cherthala-death

TOPICS COVERED

ചേർത്തലയില്‍ ഇരട്ടകളായ മക്കൾ മര്‍ദിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. മൂന്നാഴ്ച മുൻപു മദ്യലഹരിയിലെത്തി മർദിച്ചതിനെ തുടർന്നു സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് (79) മരിച്ചത്. പിതാവിനെ മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മക്കളായ അഖിൽ ചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ (30) എന്നിവർ ഇപ്പോള്‍ റിമാൻഡിലാണ്.

ഓഗസ്റ്റ് 24നു രാത്രി 10.42നാണ് സംഭവം. മാതാപിതാക്കൾക്കൊപ്പമാണ് അഖിലും നിഖിലും താമസിക്കുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻ നായരെ കട്ടിലിൽ ഇരുന്നു കൊണ്ടുതന്നെ അഖിൽ ആക്രമിക്കുന്നതും കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടു തലയ്ക്കു പിന്നിൽ അടിക്കുകയും അനങ്ങാൻ പറ്റാത്ത രീതിയിൽ കൈകൾ കൂട്ടിപ്പിടിച്ചു കഴുത്തിൽ പിടിച്ചു തിരിക്കുന്നതും നിഖിൽ മൊബൈൽ ഫോണിലൂടെ വിഡിയോയിൽ പകർത്തിയിരുന്നു.

മർദനമേറ്റ് അവശനായ ചന്ദ്രശേഖരൻ നായരെ മൂത്തമകൻ പ്രവീണാണു ചേർത്തലയിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അർത്തുങ്കൽ പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മക്കളുടെ മർദനത്തെത്തുടർന്നുണ്ടായ പരുക്കുകളാണോ മരണകാരണമെന്ന് ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. മർദനമാണു മരണകാരണമെങ്കിൽ പ്രതികളായ മക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പട്ടണക്കാട് പൊലീസ് പറഞ്ഞു.

സംഭവസമയത്തു മാതാവ് നിസ്സഹായയായി സമീപത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിതാവിനെ അഖിൽ ആക്രമിക്കുമ്പോൾ നിഖിൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ചു. ദൃശ്യങ്ങൾ മുതിർന്ന സഹോദരൻ പ്രവീണിനും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. പ്രവീൺ നൽകിയ പരാതിയിലാണു പട്ടണക്കാട് പൊലീസ് കേസെടുത്തത്.

ENGLISH SUMMARY:

Elderly man death is reported in Cherthala, Kerala, after being assaulted by his twin sons. The sons are currently remanded in custody, and further investigation is underway to determine the exact cause of death.