പൂജയ്ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഹണിട്രാപ്പായതോടെ, പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ ബെംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് വന്‍ ട്വിസ്റ്റ്. പരാതിക്കാരിയെയും സഹായികളെയും ബെംഗളുരു ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ പതിനാറിന് ദേവസ്ഥാനം ഉടമ ഉണ്ണി ദാമോദരന്റെ മരുമകന്‍ അരുണിനെ ബെംഗളുരു പൊലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പൂജകള്‍ക്കായെത്തിയ ബെംഗളുരു സ്വദേശിനിയെ സൗഹൃദം നടിച്ചു വിഡിയോ കോളില്‍ നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. അരുണിനെ ആസൂത്രിതമായി പെടുത്തിയതാണന്നു കുടുംബം കര്‍ണാടക ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവര്‍ പിടിയിലായത്. ശരത് മേനോനും കൂട്ടാളികളും രത്നയെ ഉപയോഗിച്ച് അരുണിനെ ഹണിട്രാപ്പില്‍ കുടുക്കിയതാണന്നാണ് കണ്ടെത്തല്‍. കേസില്‍ മലയാളികളായ ചിലര്‍ കൂടി പിടിയിലാകാനുണ്ട്.
ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലി ദീര്‍ഘനാളായി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഹണിട്രാപ്പൊരുക്കിയതെന്നാണു സൂചന. നേരത്തെ അറസ്റ്റിലായ അരുണിനു 45 ദിവസത്തിനുശേഷമാണ് ജാമ്യം കിട്ടിയത്.