കൊച്ചിയില്‍ പ്രതിശ്രുത വധുവിനെ ഹോസ്റ്റലിലാക്കാന്‍ പോയ യുവാവിന് നേരെ സദാചാര ആക്രമണം. ലഹരി വില്‍പ്പനക്കാരന്‍ എന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ കയ്യേറ്റം ചെയ്തത്. വിവരമറിയിച്ചെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് യുവാവിന്‍റെ പരാതി. യുവാവിനെ പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
കൊച്ചി അഞ്ചുമന ക്ഷ്രേത്രത്തിന് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് യുവാവിന് നേരം സദാചാര ആക്രമണമുണ്ടായത്. പ്രതിശ്രുത വധുവിനെ ഹോസ്റ്റലിലാക്കാന്‍ പോയ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. ഹോസ്റ്റലിന്‍റെ മുന്‍പിലെ വഴിയില്‍ നിന്ന യുവാവിനെ പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിന്‍റെ പരാതി മുഖവിലക്കെടുക്കാതെ മടങ്ങിയെന്നുമാണ് ആരോപണം. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികളെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോട് കൂടി യുവാവിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.