ഭര്‍ത്താവിനെ കൊന്ന് മൃതദേഹം ഉപ്പ് നിറച്ച ഡ്രമ്മില്‍ സൂക്ഷിച്ച് ഭാര്യയും കാമുകനും. രാജസ്ഥാനിലെ ഖൈർതാൽ തിജാരയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വാടക വീട്ടിലെ ടെറസിൽ ഡ്രമ്മിൽ ഒളിപ്പിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിന്റെ കൊലപാതകത്തില്‍ ഭാര്യ സുനിത, വീട്ടുടമസ്ഥന്റെ മകൻ ജിതേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൊലപാതകത്തിന് ശേഷം ശനിയാഴ്ച മുതൽ മൂന്ന് കുട്ടികളുമായി ഒളിവിലായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട ഹൻസ്റാം ഇഷ്ടിക ചൂളയിലാണ് ജോലി ചെയ്തിരുന്നത്.
രണ്ട് മാസമായി ഈ വാടക വീട്ടിലാണ് മൂന്ന് കുട്ടികൾക്കൊപ്പം ഹൻസ്റാമും ഭാര്യ സുനിതയും താമസിച്ചിരുന്നത്. ശനിയാഴ്ച മുതൽ ഹൻസ്റാമിനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് കാട്ടി വീട്ടുടമയുടെ മകൻ ജിതേന്ദ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പൊലീസിന്റെ അന്വേഷണത്തിലാണ് പരാതി നല്കിയ ജിതേന്ദ്രയാണ് സുനിതയുമായി ചേര്‍ന്ന് ഹൻസ്റാമിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ടെറസിൽ നിന്ന് ദുർഗന്ധമുണ്ടായതോടെ അയൽവാസിയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
അങ്ങനെയൊണ് മൃതദേഹം ടെറസില്‍ വെച്ചിരുന്ന നീല ഡ്രമ്മിൽ കണ്ടെത്തിയത്. ഡ്രം ഉപ്പുകൊണ്ട് നിറച്ച നിലയിലായിരുന്നു. മൃതദേഹം വേഗത്തിൽ അഴുകുമെന്ന വിശ്വാസത്തിലാണ് ഉപ്പിട്ടതെന്ന് പൊലീസ് പറഞ്ഞു.