പ്രണയം എതിർത്തതോടെ കാമുകിയുടെ പിതാവിനെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച് 24കാരനായ യുവാവിന്റെ ക്രൂരത. മലപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് അജയ് കൊല്ലാൻ നോക്കിയത്. അജയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ കട്ടൻ ചായയിൽ വിഷം കലർത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. 

പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുമ്പോൾ, ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകുന്ന ശീലമുണ്ട് കാമുകിയുടെ പിതാവ്. ഇതറിഞ്ഞതോടെയാണ് അജയ് കൊലപാതകം നടത്താമെന്ന തീരുമാനത്തിലെത്തിയത്. ഫ്ളാസ്‌ക് ബൈക്കിൽ വച്ചശേഷം ഇടയ്ക്കിടെ പോയി ചായ കുടിക്കുകയാണ് ഇയാളുടെ പതിവെന്നും പ്രതി മനസിലാക്കിയിരുന്നു.

ഈ മാസം 10ന് ജോലിയ്ക്ക് പോയപ്പോൾ ചായയ്ക്ക് രുചിവ്യത്യാസം അനുഭവപ്പെട്ടു. 14ന് ചായ കുടിച്ചപ്പോഴും ഇതേ രുചി വ്യത്യാസം തോന്നിയതോടെ ഗ്ലാസിൽ ഒഴിച്ച് പരിശോധിക്കുകയായിരുന്നു. നല്ല നിറവ്യത്യാസം കണ്ടതോടെ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ  കാമുകിയുടെ പിതാവും അജയും തമ്മിൽ നേരത്തേയും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. അങ്ങനെയാണ് അജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും കുറ്റകൃത്യം പുറത്തുവന്നതും. 

അജയും യുവതിയും തമ്മിലുള്ള പ്രണയം വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ മൂന്നു മാസം മുമ്പ് അജയ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അപ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

A 24-year-old youth's cruelty was revealed after he attempted to poison his girlfriend's father by lacing his tea with poison, all because the man opposed their relationship. This shocking incident occurred in Malappuram. The accused, identified as Ajay, tried to murder a tapping worker from Wandoor, Malappuram. After the police took Ajay into custody and questioned him in detail, he confessed to mixing poison in the black tea.