കൊട്ടാരക്കരയില്‍ ബവ്റിജസ് ഔട്ട്ലെറ്റ് ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയയാള്‍ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ഇന്നലെ വൈകുന്നേരം ഔട് ലെറ്റിലെ ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരന്‍ ബെയ്സിലിനാണ് മര്‍ദനമേറ്റത്. മര്‍ദിച്ചയാള്‍ കിഴക്കേതെരുവ് മുട്ടവിള സ്വദേശി രഞ്ചിത്താണെന്നു തിരിച്ചറിഞ്ഞു.
ഇന്നലെ വൈകുന്നേരം മദ്യം വാങ്ങാന്‍ രഞ്ചിത്തും മറ്റൊരാളും കൂടിയാണ് ഔട്ട്ലെറ്റിലെത്തിയത്. തൊട്ടു പിന്നാലെ മറ്റൊരാള്‍ ഹെല്‍മെറ്റ് ധരിച്ച് മദ്യം വാങ്ങാന്‍ ഔട്ട്ലെറ്റിലെത്തി. ഹെല്‍മെറ്റ് ധരിച്ച് മദ്യം വാങ്ങാനെത്തിയ ആളിനെ രഞ്ചിത്തിനൊപ്പം വന്നയാള്‍ ചോദ്യം ചെയ്തതത് ജീവനക്കാരന്‍ നിരുല്‍സാഹപ്പെടുത്തി. ഇതു മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തുന്നത് കണ്ടതോടെ ബവ്റിജസ് ഔട്ട്ലെറ്റ് ജീവനക്കാരന്‍ മൊബൈല്‍ തട്ടിമാറ്റി. അതോടെയാണ് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചതെന്ന് പൊലീസ് പറയുന്നു. രഞ്ചിത്ത് മദ്യ ലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.
ദൃശ്യങ്ങളില്‍ നിന്നാണ് മര്‍ദിച്ചയാള്‍ കിഴക്കേതെരുവ് മുട്ടവിള രഞ്ജിത്താണെന്നു തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. രഞ്ചിത്തിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്തി, മര്‍ദ്ദിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.