പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്നാലെയെത്തി ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. പൊഴിയൂരിൽ താമസിക്കുന്ന വള്ളക്കടവ് സ്വദേശി സജാദാണ് (23) അറസ്റ്റിലായത്.
വീടുകൾക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍. അതുവഴി പോവുകയായിരുന്ന സജാദ് ഈ പെണ്‍കുട്ടികളുടെ പിന്നാലെ കൂടുകയായിരുന്നു. ചുറ്റും ആരുമില്ലെന്ന് മനസിലാക്കിയതോടെ കുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചു. കുട്ടികള്‍ കുതറി മാറാന്‍ ശ്രമിച്ചതോടെ അവരെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു പ്രതി.
കുട്ടികളുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്. അപ്പോഴേക്കും പിടിവിട്ട് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് സജാദിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സി.പി.ഒ വിനയൻ, റെജിൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘം ഇയാള്‍ പൊഴിയൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് അവിടെയെത്തി. അപ്പോഴേക്കും സജാദ് ഓട്ടോറി ക്ഷയിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് സജാദിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് പിന്തുടർന്നു. അങ്ങനെയാണ് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിയുടെ പേരില്‍ സമാന കേസുണ്ട്. നാട്ടുകാർ വള്ളക്കടവിൽ വെച്ച് ഇയാളുടെ വാഹനം അടിച്ചുതകർത്ത സംഭവവുമുണ്ടായിട്ടുണ്ട്. ആ പ്രശ്നത്തെ തുടർന്നാണ് ഇയാൾ പൊഴിയൂരിലേക്ക് താമസം മാറിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.