മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപം കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ എക്സൈസിന്റെ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് സ്വദേശി സന്ദീപ് എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണയാണ് 1.29 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ജിതിൻ കൃഷ്ണയെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപം വെച്ചാണ് ജിതിൻ പിടിയിലാകുന്നത്.
പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 1.29 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഏറെ നാളുകളായി ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നതായാണ് വിവരം. നിലവിൽ ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരനാണ്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.