വയനാട് മുത്തങ്ങ അതിർത്തിയിൽ വൻ ലഹരി വേട്ട. ബെംഗളൂരുവിൽ നിന്ന് കടത്താൻ ശ്രമിച്ച 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറം എടക്കുളം സ്വദേശി ഇർഷാദ് പിടിയിലായത്. ബെംഗളൂരൂവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിക്കാനുള്ള യാത്രക്കിടെയാണ് 23കാരനായ ഇർഷാദ് പിടിയിലാകുന്നത്.
ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് സംസ്ഥാന അതിർത്തിയായ മുത്തങ്ങ തകരപ്പാടിയിൽ വാഹന പരിശോധന നടത്തിയത്. സ്വകാര്യ ബസിലെ യാത്രക്കാരായ ഇർഷാദിൻ്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്ന് 199.25 ഗ്രാം എംഡിഎംഎ പിടിച്ചു. അലൂമിനിയം ഫോയിൽഷീറ്റിലും പോളിത്തീൻ കവറിലും പൊതിഞ്ഞ നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
ഇയാൾ മറ്റ് പല വഴികളിലൂടെയും അതിർത്തി കടത്തി ലഹരി എത്തിക്കുന്ന ആളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മലപ്പുറം കുറ്റിപ്പുറത്തും ഇർഷാദിന് എതിരെ നേരത്തെ ലഹരിക്കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ലഹരിക്കടത്തിലെ മുഖ്യപ്രതികൾക്കായി അന്വേഷണം തുടങ്ങി.