കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് 600 രൂപ വീതം വിലയുള്ള 30 കുപ്പി വെളിച്ചെണ്ണ കവര്‍ന്ന് യുവാവ്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വെളിച്ചെണ്ണയ്ക്ക് പുറമേ, പഴവര്‍ഗങ്ങളും 10 പാക്കറ്റ് പാലും സോഫ്റ്റ് ഡ്രിഗും ചാരിറ്റി ബോക്സിലെ പണവും ഇയാള്‍ കവര്‍ന്നു. ആലുവ തോട്ടുമുഖം പാലത്തിനടുത്ത് പുത്തൻപുരയിൽ അയ്യൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ എന്ന പേരിലുള്ള സ്ഥാപനത്തിലെ സാധനങ്ങളാണ് കവര്‍ന്നത്.
ആദ്യം തറ തുരന്ന് കടയ്ക്കുള്ളില്‍ കയറാനായിരുന്നു കളളന്‍റെ ശ്രമം. ഏറെ നേരം പരിശ്രമിച്ചിട്ടും അത് നടക്കാതെ വന്നതോടെ, കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് ഉള്ളില്‍ കയറുകയായിരുന്നു. ആദ്യം കണ്ട 30 കുപ്പി വെളിച്ചെണ്ണയെടുത്ത ശേഷം ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു.
സോഫ്റ്റ് ഡ്രിങ്കില്‍ നിന്ന് അല്പം കുടിച്ച ശേഷം വീണ്ടും അടുത്തത് പൊട്ടിക്കും. അതില്‍ നിന്നും അല്പം കുടിച്ച ശേഷം വീണ്ടും അടുത്തത്. ഇത്തരത്തില്‍ നിരവധി സോഫ്റ്റ് ഡ്രിങ്കുകളാണ് ഇയാള്‍ ബോധപൂര്‍വം നശിപ്പിച്ചത്.
വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയി. മോഷണത്തിന് ശേഷം കടയില്‍ നിന്ന് ഇറങ്ങവേയാണ് സിസിടിവി ക്യാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അതിന്റെ കേബിള്‍ അറുത്തു മുറിച്ച് നശിപ്പിച്ച ശേഷമാണ് കളളൻ മുങ്ങിയത്.