TOPICS COVERED

ചേർത്തല സ്വദേശികളായ ബിന്ദു പദ്മനാഭൻ, ഹൈറുമ്മ എന്ന ഐഷ , ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്നീ സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ കേസിൽ നിർണായകമാവുന്ന വസ്തുക്കൾ ലഭിച്ചു. വീട്ടിനുള്ളിലും പരിസരങ്ങളിലും നടത്തിയ തിരച്ചിലിൽ അസ്ഥിക്കഷ്ണങ്ങൾ, ലേഡിസ് ബാഗ്, കൊന്ത, വസ്ത്രാവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും ആരുടേതാണെന്ന് ഡിഎന്‍എ സാംപിൾ പരിശോധനയിലൂടെ വ്യക്തമാകേണ്ടതുണ്ട്. എന്നാല്‍ അന്വേഷണവുമായി സെബാസ്റ്റ്യൻ വേണ്ടരീതി സഹകരിക്കുന്നുമില്ല.

Also Read: ഐഷ തിരോധാനം; സെബാസ്റ്റ്യന്‍റെ അയൽവാസി റോസമ്മയെ ചോദ്യം ചെയ്യണമെന്ന് കുടുംബം


കാണാതായ സ്ത്രീകളുമായി സെബാസ്റ്റ്യന് അടുത്ത ബന്ധമുണ്ടായിരുന്നു. ജൈനമ്മയുടെ തിരോധാന കേസിൽ ആണ് സെബാസ്റ്റ്യൻ അറസ്റ്റിലായത്. ജൈനമ്മയുടെ മൊബൈൽ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ദൃശ്യമായത് പള്ളിപ്പുറത്താണ്. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് സെബാസ്റ്റ്യൻ പിടിയിലായത്. ജൈനമ്മയുടേതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് കഴിഞ്ഞ തിങ്കളാഴ്ച സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. ഇതിന് സമീപത്തു നിന്നാണ് അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് രക്തക്കറയും കണ്ടെത്തി. കുളം വറ്റിച്ചുള്ള പരിശോധനയിൽ വസ്ത്രത്തിന്റെ ഭാഗങ്ങൾ, കൊന്ത , ലേഡീസ് ബാഗ് എന്നിവയും കിട്ടി. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്ന കഡാവർ നായയും എത്തിയിരുന്നു. സെൻസർ ഘടിപ്പിച്ച ഉപകരണങ്ങളും തിരച്ചിലിന് ഉപയോഗിച്ചു.  കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും ആരുടേതാണെന്ന് തെളിയണം.

സെബാസ്റ്റ്യൻ സീരിയൽ കില്ലറോ ?

കാണാതായ ഐഷയുടെയും ജൈനമ്മയുടെയും അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ സീരിയൽ കില്ലർ ആണെന്ന് സംശയം ശക്തമാണ്. കാണാതായ മൂന്ന് സ്ത്രീകളുടെയും തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. ബിന്ദു പദ്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനത്തിൽ സെബാസ്റ്റ്യനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് പ്രതിസന്ധി. ജൈനമ്മയുടെ തിരോധാന കേസിന്റെ അന്വേഷണത്തിനൊപ്പം മറ്റു രണ്ടു കേസിലെയും സെബാസ്റ്റ്യന്റെ പങ്ക് തെളിയിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.

ഇതിനിടെ ഐഷ തിരോധാനകേസിൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അയൽവാസി റോസമ്മയെ ചോദ്യം ചെയ്യണമെന്ന് ഐഷയുടെ കുടുംബം ആവശ്യപ്പെട്ടു. കാണാതായതിന് ശേഷം ഐഷയുടെ വീടിന് സമീപത്തെ സ്ഥലം സെബാസ്റ്റ്യനും റോസമ്മയും ജെസിബിയുമായെത്തി വൃത്തിയാക്കിയെന്നും ഐഷയുടെ സഹോദരന്റെ മകൻ ഹുസൈൻ മനോരമ ന്യൂസിനോട് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ സെബാസ്റ്റ്യന്റെ പണത്തിന്റെ സ്വാധീനത്താൽ അന്വേഷണം തടസപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയാണ് പതിമൂന്ന് വർഷം മുൻപ് കാണാതായ ഐഷയിലേക്ക് നയിക്കുന്നത്. അസ്ഥികളുടെ കൂട്ടത്തിൽ പല്ലിലിടുന്ന ക്ലിപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തി. കാണാതായ സ്ത്രീക്കളിൽ വെപ്പ് പല്ലും ക്ലിപ്പും ഇട്ടിരുന്ന ഏക ആൾ ഐഷയാണ്. അയൽവാസിയായ റോസമ്മ വഴിയാണ് സെബാസ്റ്റ്യനെ ഐഷ പരിചയപ്പെട്ടതെന്നും ഐഷയെ കാണാതായത് ആദ്യം കുടുംബത്തെ അറിയിക്കുന്നതും റോസമ്മയാണ്.

ഐഷ വാങ്ങിയ മൂന്ന് സെന്റിന്റെ രജിസ്ട്രേഷന് മൂന്ന് ദിവസം മുൻപായിരുന്നു തിരോധാനം. ഇതിന് ശേഷം റോസമ്മയും സെബാസ്റ്റ്യനും ചേർന്ന വീടിന് സമീപത്തെ ഭൂമി വൃത്തിയാക്കിയതും സംശയം ബലപ്പെടുതുന്നു. പണമൊഴുക്കി സെബാസ്റ്റ്യൻ ആദ്യഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ചതായും ആരോപണം. 2012 മേയ് 13 ന് ബാങ്കിലേക്ക് പോയ ഐഷ പിന്നെ മടങ്ങി എത്തിയിട്ടില്ല. മറ്റ് കേസുകളിലെന്ന പോലെ സെബാസ്റ്റ്യന്റെ സാന്നിധ്യം തന്നെയാണ് ദുരൂഹത വർധിപ്പിക്കുന്നത്.

ENGLISH SUMMARY:

Serial killer Sebastian is suspected as bone fragments, a lady's bag, and other items linked to missing women Jainamma, Aisha, and Bindu Padmanabhan were found at his Pallippuram home. DNA tests are crucial to confirm identities and unravel the mystery of these disappearances, including the suspicious role of Rosamma.